പൊലീസ് അനാസ്ഥയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പൂട്ടിട്ട് ഡി.ജി.പി; പ്രതികളെ കൈവിലങ്ങണിയിക്കുന്നതില്‍ കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ്

പൊലീസ് അനാസ്ഥയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പൂട്ടിട്ട് ഡി.ജി.പി; പ്രതികളെ കൈവിലങ്ങണിയിക്കുന്നതില്‍ കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ്

തിരുവനന്തപുരം: കുറ്റാരോപിതരായ വ്യക്തികളെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴും കൈവിലങ് അണിയിക്കുന്നതില്‍ നിബന്ധനകള്‍ നടപ്പിലാക്കിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പ്രതികളെ ശിക്ഷിക്കാനോ ഭീഷണിപ്പെടുത്താനോ സമൂഹത്തിന് മുന്നില്‍ അവഹേളിക്കാനോ ഉള്ള ഉപാധിയായി കൈവിലങ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കുലറിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇനി മുതല്‍ കൊടും കുറ്റവാളികളുടെ കാര്യത്തില്‍ മാത്രമായിരിക്കും കൈവിലങിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേകമായി നിര്‍ണയിച്ചിട്ടുള്ള 13 വിഭാഗങ്ങളില്‍പ്പെടുന്ന പ്രതികളെ കൊണ്ടുപോകുമ്പോള്‍ കൈവിലങ് ധരിപ്പിക്കാന്‍ അനുമതിയുണ്ട്. എങ്കിലും വിലങ് ഉപയോഗിക്കുന്നതിന് തൊട്ടുമുന്‍പായി പ്രതി ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യത്തിന്റെ ഗൗരവസ്വഭാവം, കുറ്റാരോപിതന്റെ സ്വഭാവ സവിശേഷതകള്‍, അതുപോലെ സുരക്ഷാപരമായ മറ്റ് സാഹചര്യങ്ങള്‍ എന്നിവ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും വിലയിരുത്തേണ്ടതുണ്ട്.

കസ്റ്റഡിയിലുള്ള വ്യക്തി രക്ഷപ്പെടാന്‍ സാധ്യത നിലനില്‍ക്കുകയോ, അക്രമ സ്വഭാവം കാണിക്കുകയോ, ക്രമസമാധാനത്തിനോ ഉദ്യോഗസ്ഥര്‍ക്കോ സുരക്ഷാ ഭീഷണി ഉയര്‍ത്തുകയോ ചെയ്യുന്ന അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ പ്രതികളെ കൈവിലങ് അണിയിക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.