നാല് പതിറ്റാണ്ടിലേറെയായി മലയാളി മനസുകളില്‍ നന്മയുടെയും പ്രണയത്തിന്റെയും വിഷാദത്തിന്റെയും അമൃത വര്‍ഷം പെയ്യിച്ചുകൊണ്ടിരിക്കുകയാണ് കെ.എസ് ചിത്രയെന്ന ദേവ ഗായിക. മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് ഇന്ന് 63-ാം ജന്മദിനം. അക്ഷര ശുദ്ധിയും ഭാവ സാന്ദ്രതയും ഒത്തുചേര്‍ന്ന ആ അപൂര്‍വ ശബ്ദമാധുര്യം കേള്‍ക്കാത്ത ഒരു ദിനം പോലും ഏതൊരു മലയാളിയുടെയും ജീവിതത്തില്‍ ഉണ്ടാകില്ല.
കരമന കൃഷ്ണന്‍നായരുടെയും ശാന്തകുമാരിയുടെയും മകളായി ജനിച്ച ചിത്രയ്ക്ക് സംഗീതം കേവലമൊരു കലയല്ല, മറിച്ച് ജീവ വായുവായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍ ഈണം പകര്‍ന്ന രജനീ പറയൂ എന്ന ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര സംഗീത ലോകത്തേക്ക് ചിത്ര തന്റെ മനോഹരമായ ചുവടുവെയ്പ് നടത്തുന്നത്. പിന്നീട് അങ്ങോട്ട് ഇന്ത്യന്‍ സംഗീത ലോകത്ത് ചിത്ര തീര്‍ത്തത് സമാനതകളില്ലാത്ത ഒരു ചരിത്രമായിരുന്നു.
കഥാപാത്രങ്ങളുടെ ആത്മഭാവം തൊട്ടറിഞ്ഞ് പാടാനുള്ള അപാരമായ കഴിവാണ് ചിത്രയെ മറ്റ് ഗായകര്‍ക്കിടയില്‍ വ്യത്യസ്തയാക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ അതിരുകള്‍ കടന്നും ആ സ്വരമാധുരി ജനങ്ങള്‍ നെഞ്ചിലേറ്റി. തമിഴകത്ത് ചിന്നക്കുയില്‍ എന്നും തെലുങ്കര്‍ക്ക് സംഗീത സരസ്വതിയായും ഉത്തരേന്ത്യക്കാര്‍ക്ക് പിയ ബസന്തിയായും കന്നഡയില്‍ കന്നഡ കോകിലെയായും ചിത്ര ആരാധിക്കപ്പെട്ടു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങി വിവിധ ഭാഷകളിലായി പതിനയ്യായിരത്തിലധികം ഗാനങ്ങളാണ് ഈ ദേവഗായികയുടെ സ്വരത്തില്‍ പിറവിയെടുത്തത്.
ആറ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും പതിനാറിലധികം സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രയെ തേടിയെത്തിയിട്ടുണ്ട്. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആ മഹത്ഗായികയെ ആദരിച്ചു. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളും നൊമ്പരങ്ങളും നല്‍കിയ മുറിവുകളെല്ലാം ഉള്ളിലൊതുക്കി, മായാത്ത പുഞ്ചിരിയോടെ ഇന്നും തലമുറകളെ സംഗീത ലോകത്ത് ആറാടിക്കുന്ന ചിത്ര മലയാളിയുടെ അഹങ്കാരവും അഭിമാനവുമാണ്.