ഭൂമിയിലേക്ക് മടങ്ങാനുള്ള ഇന്ധനമില്ല; ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ഇല്ലാതാകാന്‍ സ്പേസ് എക്‌സ് റോക്കറ്റ്

ഭൂമിയിലേക്ക് മടങ്ങാനുള്ള ഇന്ധനമില്ല; ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ഇല്ലാതാകാന്‍ സ്പേസ് എക്‌സ് റോക്കറ്റ്

വാഷിങ്ടണ്‍: സ്പേസ് എക്‌സിന്റെ ഉപയോഗം കഴിഞ്ഞ സാഹചര്യത്തില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വൈകാതെ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങും. 2025 ജനുവരിയില്‍ രണ്ട് സ്വകാര്യ ചാന്ദ്ര ലാന്‍ഡറുകളെ വിക്ഷേപിക്കാനായി ഉപയോഗിച്ച റോക്കറ്റാണിത്.

ഉപയോഗം അവസാനിച്ച ഈ റോക്കറ്റ് ബഹിരാകാശത്ത് നിയന്ത്രണമില്ലാതെ കറങ്ങുന്ന അവസ്ഥയിലായിരുന്നു. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ തുടര്‍ന്ന് ഉപരിതലത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടാണ് റോക്കറ്റ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങാനൊരുങ്ങുന്നത്.

ബുധനാഴ്ച ചന്ദ്രോപരിതലവുമായി റോക്കറ്റ് കൂട്ടിയിടിക്കുമെന്നാണ് കണക്കാക്കുന്നത്. വന്‍ ഗര്‍ത്തം സൃഷ്ടിക്കുകയും പൊടിപടലങ്ങള്‍ ഉയര്‍ത്തുകയും ചെയ്യും. കൂട്ടിയിടിയെ വിശദമായി നിരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം.

സ്പേസ് എക്സിന്റെ ഉപേക്ഷിക്കപ്പെട്ട ഈ റോക്കറ്റ് 12 മീറ്റര്‍ നീളവും 4500 കിലോഗ്രാം ഭാരവുമുള്ളതാണ്. ഭൂമിയിലേക്ക് തിരിച്ചെത്താനുള്ള ഇന്ധനം ഇല്ലാതായതോടെയാണ് റോക്കറ്റ് ബഹിരാകാശത്ത് ഉപേക്ഷിക്കേണ്ടി വന്നത്.

മണിക്കൂറില്‍ ഏകദേശം 8,700 കിലോ മീറ്റര്‍ വേഗത്തില്‍ ചന്ദ്രന്റെ സൂര്യപ്രകാശമുള്ള ഭാഗത്തെ ഐന്‍സ്റ്റീന്‍ ഗര്‍ത്തത്തിന് സമീപം റോക്കറ്റ് ഇടിച്ചിറങ്ങുമെന്നാണ് കണക്കുകൂട്ടല്‍. ഈ ആഘാതത്തില്‍ ഏകദേശം 90 അടി വീതിയും 16 അടി ആഴവുമുള്ള ഒരു പുതിയ ഗര്‍ത്തം രൂപപ്പെടും. വലിയ അളവില്‍ പൊടിയും പാറക്കഷണങ്ങളും ഉയരുകയും ചെയ്യും.

നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ കൂട്ടിയിടി കാണാന്‍ കഴിയാന്‍ സാധ്യത കുറവാണ്. എന്നാല്‍ ശക്തമായ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് പൊടിപടലം നിരീക്ഷിക്കാന്‍ സാധിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ചന്ദ്രോപരിതലത്തിലെ ആഘാതങ്ങള്‍ എങ്ങനെ സംഭവിക്കുന്നുവെന്നും മനുഷ്യനിര്‍മിത ബഹിരാകാശ അവശിഷ്ടങ്ങള്‍ ചന്ദ്രനില്‍ ഉണ്ടാക്കുന്ന സ്വാധീനം എന്താണെന്നും പഠിക്കാന്‍ ഈ സംഭവം അപൂര്‍വ അവസരമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നാസയുടെ ലൂണാര്‍ റീക്കണസന്‍സ് ഓര്‍ബിറ്ററും ദക്ഷിണ കൊറിയയുടെ ദനുരി ഓര്‍ബിറ്ററും കൂട്ടിയിടിക്ക് മുമ്പും ശേഷവുമുള്ള സാഹചര്യം വിശദമായി നിരീക്ഷിക്കുന്നുണ്ട്.

ചന്ദ്രനില്‍ അബദ്ധത്തില്‍ ഒരു റോക്കറ്റ് വന്നിടിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. 2022 ല്‍ ഒരു ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ചന്ദ്രന്റെ സൂര്യപ്രകാശം പതിക്കാത്ത ഭാഗത്ത് ഇടിച്ചിറങ്ങിയിരുന്നു. ബഹിരാകാശ ദൗത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപയോഗം കഴിഞ്ഞ റോക്കറ്റുകളും മറ്റ് അവശിഷ്ടങ്ങളും നിയന്ത്രിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ആവശ്യമാണെന്ന മുന്നറിയിപ്പ് ഇത്തരം സംഭവം നല്‍കുന്നതായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.