സോഷ്യല്‍ മീഡിയയില്‍ തരംഗമായി എഐ 80S റെട്രോ ട്രെന്‍ഡ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി എഐ 80S റെട്രോ ട്രെന്‍ഡ്

'What would I have looked like in the 80s?' എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുകയാണ് പുതിയ എഐ ഫോട്ടോ ട്രെന്‍ഡ്. ഇന്നത്തെ ഫോട്ടോകള്‍ 1980 കളിലെ വസ്ത്രങ്ങളും ഹെയര്‍ സ്‌റ്റൈലും മേക്കപ്പും ഫോട്ടോഗ്രഫി ശൈലിയും ചേര്‍ത്ത് റെട്രോ ചിത്രങ്ങളാക്കി മാറ്റുകയാണ് ആളുകള്‍.

ഇന്‍സ്റ്റാഗ്രാം തുറന്നാല്‍ പഴയ ആല്‍ബത്തില്‍ നിന്ന് എടുത്തതുപോലെ തോന്നിക്കുന്ന ചിത്രങ്ങള്‍. വലിയ മുടി, ബോള്‍ഡ് വസ്ത്രങ്ങള്‍, വിന്റേജ് മേക്കപ്പ്, അനലോഗ് ക്യാമറയുടെ ഫീല്‍, പഴയകാല പശ്ചാത്തലം... എല്ലാം എഐ സാധ്യമാക്കും. ഇപ്പോഴത്തെ തലമുറ മാത്രമല്ല, സെലിബ്രിറ്റികളും ഇന്‍ഫ്‌ളുവന്‍സര്‍മാരുമെല്ലാം ഈ ട്രെന്‍ഡിനൊപ്പം ചേരുകയാണ്.

ഇപ്പോഴത്തെ ഒരു ക്ലിയര്‍ പോര്‍ട്രെയ്റ്റ് എഐ ടൂളില്‍ നല്‍കിയ ശേഷം 80 കളിലെ സ്‌റ്റൈലില്‍ മാറ്റാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. മുഖത്തിന്റെ അടിസ്ഥാന സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ട് മുടിയുടെ സ്‌റ്റൈല്‍, വസ്ത്രം, മേക്കപ്പ്, ലൈറ്റിങ്, പശ്ചാത്തലം, ഫോട്ടോയുടെ നിറവും ടെക്‌സ്ചറും വരെ എഐ മാറ്റും.

അങ്ങനെ നോക്കുമ്പോള്‍ അത് ഒരു സാധാരണ ഫോട്ടോ എഡിറ്റിങ് മാത്രമല്ല. 'ഞാന്‍ 1980 ല്‍ ജനിച്ചിരുന്നെങ്കില്‍ എങ്ങനെയുണ്ടാകുമായിരുന്നു?' എന്നൊരു കൗതുകത്തിന് എഐ നല്‍കുന്ന ഒരു കാഴ്ചപ്പാടാണ്.

ഇതോടെ പഴയകാല ഫാഷന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. വോളിയം കൂടിയ ഹെയര്‍ സ്‌റ്റൈലുകള്‍, ഡെനിം, ബോള്‍ഡ് കളറുകള്‍, വിന്റേജ് ആഭരണങ്ങള്‍, സ്റ്റുഡിയോ പോര്‍ട്രെയ്റ്റുകള്‍ തുടങ്ങിയവയാണ് എഐ ചിത്രങ്ങളില്‍ പ്രധാനമായും കാണുന്നത്. പഴയകാല ഫോട്ടോകളുടെ നിറവും ഗ്രെയിനും ഉള്‍പ്പെടെ പുന സൃഷ്ടിക്കുന്നതിനാല്‍ പല ചിത്രങ്ങളും യഥാര്‍ഥ 80കളിലെ ഫോട്ടോകളെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ്.

സ്വന്തം ഫോട്ടോ മാത്രമല്ല, മാതാപിതാക്കളുടെയും പങ്കാളിയുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ 80 കളുടെ ലുക്കിലേക്ക് മാറ്റുകയാണ് പലരും.അമ്മയുടെയും അച്ഛന്റെയും പഴയ ഫോട്ടോകള്‍ക്കൊപ്പം മക്കളുടെ AI-generated 80s version കൂടി ചേര്‍ത്തുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നു. ചിലര്‍ വിവാഹ ഫോട്ടോകളെ 80s സ്‌റ്റൈലില്‍ പുനസൃഷ്ടിക്കുമ്പോള്‍, മറ്റുചിലര്‍ '80s couple', '80s family portrait' തുടങ്ങിയ ആശയങ്ങളിലാണ് പരീക്ഷണം നടത്തുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.