റിയാസുമായുള്ള വിവാഹ ശേഷം വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്ന് ഇ.ഡി; കൂടുതല്‍ പേരെ ചോദ്യം ചെയ്യും

റിയാസുമായുള്ള വിവാഹ ശേഷം വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്ന് ഇ.ഡി; കൂടുതല്‍ പേരെ ചോദ്യം ചെയ്യും

കൊച്ചി: മുഹമ്മദ് റിയാസുമായുള്ള വിവാഹ ശേഷം പിണറായി വിജയന്റെ മകള്‍ വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇ.ഡി. മാസപ്പടി കേസില്‍ പിണറായിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിലാണ് ഹവാല ഇടപാടിന്റെ വിവരങ്ങളുള്ളത്.

ഇതു സംബന്ധിച്ച ബാങ്ക് രേഖകള്‍ സഹിതമുള്ള തെളിവുകള്‍ ഇ.ഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ബിസിനസ് തുടങ്ങാനാണ് വിദേശത്തേക്ക് പണം കൈമാറിയതെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കുന്നതില്‍ തീരുമാനം ഉണ്ടാവുകയുള്ളൂ.

അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ സര്‍ക്കാര്‍ എഫ്‌ഐആര്‍ ഇടുമെന്ന വിലയിരുത്തലിലാണ് ഇ.ഡി. മതിയായ തെളിവുകള്‍ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ എജിയും ഡിജിപിയും സംയുക്ത നിയമോപദേശം നല്‍കും.

അതേസമയം പിണറായി വിജയനെതിരെയും മറ്റും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ സി.എം.ആര്‍.എല്‍ കമ്പനി ഉദ്യോഗസ്ഥരെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. മുന്‍ ചീഫ് ഫിനാന്‍സ് ഓഫീസറും ചീഫ് ജനറല്‍ മാനേജരുമായ പി. സുരേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വീണയ്ക്കു പുറമെ, മറ്റുള്ളവര്‍ക്ക് നല്‍കിയ തുകകള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുമെന്നാണ് സൂചന. കൈക്കൂലി വാങ്ങുന്നതിലും ദുബായിലേക്ക് പണം കടത്തുന്നതിലും പങ്കുവഹിച്ചെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുള്ള വീണയുടെ ഭര്‍ത്താവ് പി.എ മുഹമ്മദ് റിയാസ് എംഎല്‍എ, സുഹൃത്തുക്കളായ ഷൈജല്‍ മുഹമ്മദ്, പി. നിഖില്‍, ഹസന്‍ വാരിസ്, വി.പി ഫൈജാസ്, എം. നന്ദുലാല്‍ എന്നിവരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വൈകാതെ നോട്ടീസ് നല്‍കുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.