റിയാദ്: യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി അറേബ്യയുടെ ആക്രമണം. മാരിബ്, അല്‍ ജൗഫ്, താഇസ് എന്നിവിടങ്ങള്‍ക്ക് പുറമേ അല്‍-സാലിഫ്, അല്‍-തുഹൈത ജില്ലകള്‍ക്ക് പുറമെ തന്ത്രപ്രധാന മേഖലയായ കമറാന്‍ ദ്വീപിലും സൗദി ആക്രമണം നടത്തി.
സൗദിയ്ക്ക് നേരെ ഇന്നലെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 73 പേര്‍ക്ക് പരിക്കേറ്റിരുന്നു. സൗദിയുടെ തെക്കന്‍ മേഖലകളില്‍ ഇപ്പോഴും ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.
ഇന്നലെ സൗദിയിലെ അസീര്‍, ജിസാന്‍, നജ്റാന്‍ പ്രദേശങ്ങളിലാണ് ഹൂതികളുടെ ആക്രമണം നടന്നത്. ഇതിനുള്ള തിരിച്ചടിയാണ് ഇന്ന് സൗദി യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ നല്‍കിയത്.
യെമനിലെ വിവിധ ഇടങ്ങളിലായി സൗദി യുദ്ധവിമാനങ്ങള്‍ നാല്‍പ്പതോളം തവണ ബോംബാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. കനത്ത നാശനഷ്ടമുണ്ടെയെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൗദി പത്തിടങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അറിയിച്ചു.
തൊട്ടു പിന്നാലെ സൗദിയുടെ തെക്കന്‍ മേഖലകളില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം എത്തി. ഇടയ്ക്കിടെ ഈ മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. അതിനിടെ യമനിലെ ആഭ്യന്തര യുദ്ധം വീണ്ടും രൂക്ഷമാവുകയാണ്.
യമനിലെ ഔദ്യോഗിക ഭരണകൂടവും ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളും തമ്മിലാണ് യുദ്ധം. ഹൂതി നിയന്ത്രണത്തിലുള്ള മേഖലകള്‍ പിടിച്ചെടുക്കാനാണ് യമന്‍ സൈന്യത്തിന്റെ ശ്രമം. യമനിലെ ഔദ്യോഗിക ഭരണകൂടത്തിന് സൗദി സൈന്യത്തിന്റെ പിന്തുണയുണ്ട്. ഹൂതികള്‍ക്ക് ഇറാന്റെ പിന്തുണയുമുണ്ട്.
യമനില്‍ ആഭ്യന്തര സംഘര്‍ഷം വര്‍ധിച്ചാല്‍ അത് സൗദിക്കും ഭീഷണിയാണ്. തെക്കന്‍ മേഖലയിലെ ജിസാന്‍, അസീര്‍, അബഹ മേഖലയിലെ എണ്ണ പ്ലാന്റുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു.