2009 ല്‍ ബോക്കോ ഹറാം തീവ്രവാദ സംഘടന പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം നൈജീരിയയില്‍ 19,800 ലധികം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും 1,30,000 ത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇന്റര്‍ സൊസൈറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അബൂജ: നൈജീരിയയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഫുലാനി തീവ്രവാദികള്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ മുപ്പതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പ്ലേറ്റോ സംസ്ഥാനത്തുണ്ടായ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മാംഗു കൗണ്ടിയില്‍ സെപ്റ്റംബര്‍ അഞ്ചിന് നടന്ന അവസാന ആക്രമണത്തില്‍ രണ്ട് ഗ്രാമങ്ങളിലായി മൂന്ന് ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി പ്രദേശവാസിയായ ലിയോ ലോറന്‍സ് പറഞ്ഞു. ഫുങ്തിം പ്രദേശത്ത് ഒരാളും കിനാറ്റ് പ്രദേശത്ത് രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്.
സെപ്റ്റംബര്‍ മൂന്നിന് ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളായ കിനാറ്റ്, കോപ്-നാന്‌ലെ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ട് ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി കമ്മ്യൂണിറ്റി നേതാവ് തുബ്വോട്ട് സണ്‍ഡേ പറഞ്ഞു. കോപ്-നാന്‌ലെയില്‍ ബുലസ് ഡാന്‍ലാഡി (78), കിനാറ്റില്‍ ക്വോപ്നാന്‍ ലോട്ട് യുനാന (33) എന്നിവരാണ് ഫുലാനി അക്രമികളുടെ വെടിയേറ്റു മരിച്ചത്.
ഓഗസ്റ്റ് 18 ന് പുലര്‍ച്ചെ ബിന്‍-പെര്‍ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ 25 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. ഈ കൂട്ടക്കൊല മാംഗു ലോക്കല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ വക്താവ് ജെറമിയ ദാകഹപ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും പലരുടെയും വീടുകള്‍ കത്തിക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായും ഡാനിയല്‍ മൂസ എന്ന പ്രദേശവാസി വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ അന്നുതന്നെ ഒരു പൊതുശ്മശാനത്തില്‍ അടക്കം ചെയ്യുകയും, പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനു പുറമെ, ഓഗസ്റ്റ് 18 ന് സാബോണ്‍ ലായില്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ക്രിസ്ത്യന്‍ യുവാക്കള്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 15 ന് ജ്വാക്, മുരീഷ് ഗ്രാമങ്ങളിലും ഓഗസ്റ്റ് ഒന്‍പതിന് ജകതായി ഗ്രാമത്തിലും അക്രമങ്ങള്‍ നടന്നു. സ്വന്തം ഗ്രാമത്തിന് കാവല്‍ നില്‍ക്കുന്നതിനിടെ ഫ്വാങ്ഷാക് ദാവൂക് എന്ന ക്രിസ്ത്യന്‍ യുവാവും കൊല്ലപ്പെട്ടു.
നൈജീരിയയില്‍ കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ 'ഇന്റര്‍സൊസൈറ്റി'യുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ നടന്ന ക്രൈസ്തവ നരഹത്യയുടെ നേര്‍രേഖ ചിത്രമാണ് ഇന്റര്‍സൊസൈറ്റി പുറത്തു വിട്ടിരിക്കുന്നത്.
നൈജീരിയയില്‍ വേരൂന്നിയിരിക്കുന്ന തീവ്രവാദ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ 3,083 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 3,193 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. ഈ രണ്ടു മാസങ്ങളില്‍ മാത്രം 437 പേര്‍ കൊല്ലപ്പെടുകയും 393 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
കഴിഞ്ഞ എട്ട് മാസത്തിനിടെ നാനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. 25 വൈദികരും പാസ്റ്റര്‍മാരും കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. നൈജീരിയയിലെ മുസ്ലിം ഭൂരിപക്ഷ വടക്കന്‍ മേഖലയും ക്രൈസ്തവ ഭൂരിപക്ഷ തെക്കന്‍ മേഖലയും അതിര്‍ത്തി പങ്കിടുന്ന 'മിഡില്‍ ബെല്‍റ്റ്' പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ കൂടുതലായും അരങ്ങേറിയിരിക്കുന്നത്.
2025 സെപ്റ്റംബര്‍ മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ തരാബ സംസ്ഥാനത്തെ വുകാരി രൂപതയില്‍ മാത്രം 239 ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. ഒരു ലക്ഷത്തോളം വിശ്വാസികള്‍ക്ക് തങ്ങളുടെ വീടുകളും ഗ്രാമങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു.
ഇരുനൂറിലധികം ക്രൈസ്തവ സമൂഹങ്ങള്‍ പൂര്‍ണമായും കുടിയൊഴിപ്പിക്കപ്പെട്ടു. 2009 ല്‍ ബോക്കോ ഹറാം തീവ്രവാദ സംഘടന പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം നൈജീരിയയില്‍ 19,800 ലധികം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ആകെ 1,30,000 ത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇന്റര്‍ സൊസൈറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ ഏറ്റവും അധികം ക്രൈസ്തവ നരഹത്യ അരങ്ങേറുന്ന രാജ്യമാണ് നൈജീരിയ.