സെലെന്‍സ്‌കിയുടെ വിമാനത്തിന് നേരെ ഡ്രോണ്‍ ആക്രമണ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സെലെന്‍സ്‌കിയുടെ വിമാനത്തിന് നേരെ  ഡ്രോണ്‍ ആക്രമണ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓസ്ലോ: മൊള്‍ഡോവയില്‍ നിന്ന് നോര്‍വേയിലേക്ക് പുറപ്പെട്ട ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ വിമാനത്തിന് നേരെ ഡ്രോണ്‍ ആക്രമണ ശ്രമം. അത്ഭുതകരമായാണ് അദ്ദേഹം രക്ഷപെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നോര്‍വേയിലെ ഹരാള്‍ഡ് രാജാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഒസ്ലോയിലേക്ക് പുറപ്പെട്ട സെലെന്‍സ്‌കിയുടെ വിമാനത്തിനുനേര്‍ക്കാണ് അപകടകരമായ രീതിയില്‍ ഡ്രോണ്‍ പറന്നെത്തിയത്. മൊള്‍ഡോവയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ സെലെന്‍സ്‌കി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നൊര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പറഞ്ഞു.

ഇതോടെ മൊള്‍ഡോവയുടെ വ്യോമാതിര്‍ത്തി ഉടന്‍തന്നെ അടച്ചു. റഷ്യന്‍ ഡ്രോണാണിതെന്നാണ് മൊള്‍ഡോവ ആരോപിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സെലെന്‍സ്‌കിയുടെ വിമാനം പുറപ്പെടാന്‍ വൈകി. ചിസിനാവു വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 160 കിലോ മീറ്റര്‍ അകലെ ഡ്രോണ്‍ തകര്‍ന്നു വീണതായി സ്ഥിരീകരിച്ച ശേഷമാണ് സെലെന്‍സ്‌കിയുടെ വിമാനത്തിന് ടേക്ക് ഓഫിന് അനുമതി നല്‍കിയത്. സംഭവത്തില്‍ റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യാദൃച്ഛികമായ ഒരു സംഭവമല്ല ഇതെന്നാണ് യു.എസിലെ മൊള്‍ഡോവ അംബാസഡര്‍ വ്ളാഡിസ്ലാവ് കുല്‍മിന്‍സ്‌കി പറയുന്നത്. ഉക്രെയ്ന്‍ പ്രസിഡന്റിന്റെ വിമാനത്തെ നിരീക്ഷണത്തിനായി മാത്രം ഒരു ഡ്രോണ്‍ അതിര്‍ത്തി കടന്നെത്തി എന്ന് കരുതാനാകില്ല.

സെലെന്‍സ്‌കിയെ ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ കൂടുതല്‍ പറയാനാകില്ല. വിദേശ സന്ദര്‍ശനങ്ങള്‍ക്കായി സെലെന്‍സ്‌കി മൊള്‍ഡോവന്‍ വ്യോമാതിര്‍ത്തി പതിവായി ഉപയോഗിക്കാറുണ്ടെന്നും ഇത്തരമൊരു സംഭവം ആദ്യത്തേതല്ലെന്നും കുല്‍മിന്‍സ്‌കി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.