കര്‍ണാടകയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം പെരുകുന്നു; രണ്ട് ലക്ഷത്തിലധികം വൈറസ് വാഹകര്‍: ആശങ്കയായി എന്‍എസിഒ റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം പെരുകുന്നു; രണ്ട് ലക്ഷത്തിലധികം വൈറസ് വാഹകര്‍: ആശങ്കയായി എന്‍എസിഒ റിപ്പോര്‍ട്ട്

18 നും 35 നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്.
18 നും 25 നും ഇടയില്‍ പ്രായമുള്ള 7,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ വൈറസ് ബാധിതര്‍.
സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളജുകളില്‍ എച്ച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കി.


ബംഗളൂരു: കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം പെരുകുന്നതായി ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടനയുടെ (എന്‍എസിഒ) റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നിലവില്‍ 2,60,000 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നും ഇതില്‍ 2,05,000 പേര്‍ക്ക് മാത്രമാണ് ആന്റി റിട്രോവൈറല്‍ തെറാപ്പി ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്‍എസിഒയുടെ കണക്കുകള്‍ പ്രകാരം എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ കര്‍ണാടക രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. അതേസമയം യുവാക്കള്‍ക്കിടയിലെ എച്ച്ഐവി അണുബാധയില്‍ വലിയ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

18 നും 25 നും ഇടയില്‍ പ്രായമുള്ള 7,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ വൈറസ് ബാധിതരാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കര്‍ണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ (കെഎസ്എപിഎസ്) നിര്‍ദേശ പ്രകാരം സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളജുകളില്‍ എച്ച്ഐവി പരിശോധനയും കൗണ്‍സിലിംഗ് ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.

18 നും 35 നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-24 കാലഘട്ടത്തില്‍ ഈ വിഭാഗത്തില്‍ എച്ച്ഐവി കണ്ടെത്തിയത് 44,500 പേര്‍ക്കാണെന്നും 2025-26 ആയപ്പോള്‍ അത് 66,000 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഉന്നത പഠനത്തിനും ജോലിക്കും മറ്റുമായി നിരവധി മലയാളികളാണ് കര്‍ണാടകത്തിലെത്തുന്നത്. ക്രമാതീതമായി ഉയരുന്ന എച്ച്‌ഐവി രോഗബാധ ഈ സാഹചര്യത്തില്‍ കേരളത്തിനും ഭീഷണിയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.