ജന്തര്‍ മന്തറിലെ സമരം: 989 കുറ്റവാളികളെ തിരിച്ചറിഞ്ഞ് ഡല്‍ഹി പൊലീസ്; ഫേഷ്യല്‍ റെക്കഗ്‌നിഷനെച്ചൊല്ലി വിവാദവും രാഷ്ട്രീയപോരും മുറുകുന്നു

ജന്തര്‍ മന്തറിലെ സമരം: 989 കുറ്റവാളികളെ തിരിച്ചറിഞ്ഞ് ഡല്‍ഹി പൊലീസ്; ഫേഷ്യല്‍ റെക്കഗ്‌നിഷനെച്ചൊല്ലി വിവാദവും രാഷ്ട്രീയപോരും മുറുകുന്നു

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച വന്‍ പ്രതിഷേധ സമരത്തിനിടെ നടന്ന അക്രമ സംഭവങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പങ്കാളിത്തം ആരോപിച്ച് അന്വേഷണം ശക്തമാക്കി ഡല്‍ഹി പൊലീസ്. ജൂലൈ 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ സെന്‍ട്രല്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള വിവര ശേഖരണമാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി സമരസ്ഥലത്തുണ്ടായിരുന്ന 2,873 പേരെ തിരിച്ചറിഞ്ഞതില്‍, അതീവ ഗുരുതരമായ കേസുകളില്‍ പ്രതികളായ 989 പേരുടെ വിശദാംശങ്ങളാണ് പൊലീസ് ഇപ്പോള്‍ പരിശോധിച്ച് വരുന്നത്.

കൊലപാതകം, പോക്‌സോ, കവര്‍ച്ച തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ വരെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. പൊലീസിന്റെ സാങ്കേതിക നിരീക്ഷണ സംവിധാനമായ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റവും (FRS) സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ചാണ് ഇവരുടെ മുന്‍കാല കുറ്റകൃത്യങ്ങളുടെ രേഖകള്‍ പൊലീസ് വീണ്ടെടുത്തത്.

പൊലീസിന്റെ കണക്കനുസരിച്ച് തിരിച്ചറിഞ്ഞവരില്‍ 101 പേര്‍ കൊലപാതക കേസുകളിലും 62 പേര്‍ കൊലപാതകശ്രമ കേസുകളിലും ഉള്‍പ്പെട്ടവരാണ്. ഇതിനുപുറമേ 284 പേര്‍ മോഷണ-കവര്‍ച്ച കേസുകളിലും, 229 പേര്‍ ആയുധ നിയമപ്രകാരമുള്ള കേസുകളിലും, 135 പേര്‍ പിടിച്ചുപറി കേസുകളിലും, 19 പേര്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും, 67 പേര്‍ മറ്റ് വിവിധ കുറ്റകൃത്യങ്ങളിലും പ്രതി ചേര്‍ക്കപ്പെട്ടവരാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ പലരും ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് പറയുന്നു.

അതേസമയം പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ ശേഖരിക്കാന്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. സമരക്കാരുടെ സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ നടത്തുന്ന ഇത്തരം നിരീക്ഷണങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണെന്നാണ് പ്രതിപക്ഷത്തിന്റെയും ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകരുടെയും വിമര്‍ശനം.

മറുഭാഗത്ത് ഈ സംഭവവികാസങ്ങള്‍ രാഷ്ട്രീയ തലത്തിലും വലിയ കൊടുങ്കാറ്റഴിച്ചുവിട്ടിരിക്കുകയാണ്. വിദ്യാര്‍ഥത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കും നേരെ നടന്ന പൊലീസ് നടപടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടനടി പിന്‍വലിച്ചില്ലെങ്കില്‍ സമരം വീണ്ടും ആരംഭിക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ നേരിട്ട് മറുപടി നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ശക്തമാക്കിയതോടെ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികളും സ്തംഭനാവസ്ഥയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.