യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അവകാശമില്ല; വിദ്യാർത്ഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അവകാശമില്ല; വിദ്യാർത്ഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന മുസ്ലിം വിദ്യാർഥിനിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ക്ലാസ് മുറികളിൽ ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാമിലെ അനിവാര്യ മതാചാരമാണെന്ന് കോടതിയിൽ തെളിയിക്കാൻ ഹർജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ജെ മുനീർ, ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്.

ഹിജാബ് ധരിക്കൽ നിർബന്ധിത മതാചാരമാണെന്ന് സമർത്ഥിക്കാൻ ആധികാരിക ഇസ്‌ലാമിക മതഗ്രന്ഥങ്ങളോ രേഖകളോ ഹർജിക്കാരിയുടെ ഭാഗത്തുനിന്ന് ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിക്കാലം മുതൽ ഹിജാബ് ധരിച്ചിരുന്നുവെന്ന വാദം മാത്രം നിയമപരമായ അടിസ്ഥാനമായി കണക്കാക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

സ്ഥാപനത്തിന്റെ അച്ചടക്കവും വ്യക്തിത്വവും നിലനിർത്തുന്നതിനായി ഏകീകൃതവും വിവേചനരഹിതവുമായ രീതിയിൽ നടപ്പാക്കുന്ന യൂണിഫോം നയങ്ങൾ തീരുമാനിക്കാനുള്ള അധികാരം പൂർണമായും സ്കൂൾ അധികൃതർക്കാണെന്നും കോടതി നിരീക്ഷിച്ചു. മുമ്പ് ഹിജാബ് ധരിച്ചതിനെതിരെ സ്കൂൾ നടപടി സ്വീകരിച്ചിട്ടില്ലെന്നത് ഭാവിയിലും അത് തുടരാനുള്ള നിയമപരമായ അവകാശമല്ലെന്നും കോടതി വ്യക്തമാക്കി.

ഹിജാബുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതിയുടെ മുൻവിധിക്ക് ഈ ഘട്ടത്തിൽ പ്രാധാന്യമുണ്ടെന്നും സുപ്രീംകോടതി വിഷയം അന്തിമമായി തീർപ്പാക്കാത്തതിനാൽ ആ വിധി പ്രസക്തമായ മാർഗ നിർദേശമായി തുടരുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.

പ്രയാഗ്‌രാജിലെ അട്ടർസുയിയയിലുള്ള ടാഗോർ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ ഹിജാബ് ധരിച്ചാണ് സ്കൂളിൽ പോയിരുന്നതെന്നും എന്നാൽ പതിനൊന്നാം ക്ലാസിൽ പ്രവേശനം നേടിയപ്പോൾ സ്കൂൾ അധികൃതർ ഇതിനെതിരെ എതിർപ്പ് ഉന്നയിക്കുകയായിരുന്നു എന്നുമായിരുന്നു വിദ്യാർഥിനിയുടെ ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.