വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് അതിക്രമം: അമിത് ഷായ്‌ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് അതിക്രമം: അമിത് ഷായ്‌ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തിറില്‍ കഴിഞ്ഞ മാസം നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ഉന്നതരിലേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ.

സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര സമിതി പുനസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശൈലേന്ദ്ര മണി ത്രിപാഠി നല്‍കിയ അപേക്ഷയിലാണ് ഈ ആവശ്യവും ഉന്നയിച്ചിട്ടുള്ളത്.

അതിക്രമത്തില്‍ പോലീസുകാരുടെ പങ്കിനേക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍, പോലീസുകാരുടെ പങ്കിനേക്കുറിച്ച് മാത്രമല്ല, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള ഉന്നതരുടെ പങ്കിനേക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ.

അമിത് ഷാക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഡല്‍ഹി പോലീസ് കമ്മിഷണര്‍ അനുരാഗ് കുമാര്‍, ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍, ജോയിന്റ് കമ്മിഷണര്‍മാര്‍, ആര്‍.എ.എഫ് ഐ.ജി സീമ ധുന്ധ്യ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും അന്വേഷണം വേണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതി പ്രഖ്യാപിച്ച ഉന്നതാധികാര സമിതി പുനസംഘടിപ്പിക്കണമെന്നാണ് അപേക്ഷയിലെ മറ്റൊരു പ്രധാന ആവശ്യം. സമിതിയെ നയിക്കേണ്ടത് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ് ആണ്.

മുന്‍ ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്നിവരില്‍ ഒരാളെ സമിതി അധ്യക്ഷനാക്കണം എന്നാണ് അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. ലിംഗനീതിയും നിയമപരമായ വൈദഗ്ധ്യവും ഉറപ്പാക്കാന്‍ വിരമിച്ച ഒരു വനിതാ ഡിജിപിയെയും മുന്‍ അറ്റോര്‍ണി ജനറലിനെയും സമിതിയില്‍ ഉള്‍പ്പെടുത്തണം എന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.