കൊച്ചി: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് പിന്തുണ നല്‍കിയെന്ന പേരില്‍ രണ്ട് സന്നദ്ധ സംഘടനകളുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ പുതുക്കി നല്‍കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം, എറണാകുളം കേന്ദ്രമായ സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യ എന്നി എന്‍.ജി.ഒകള്‍ നല്‍കിയ ഹര്‍ജികള്‍ ഭാഗികമായി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
സമാധാനപരമായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഭരണകൂടത്തിന്റെ വിയോജിപ്പ് ഒരു പ്രവര്‍ത്തനത്തെ നിയമവിരുദ്ധമോ അനഭിലഷണീയമോ ആക്കുന്നില്ലെന്നും കോടതി എടുത്തുപറഞ്ഞു. നിയമപരമായി വിലക്കപ്പെട്ട കാര്യങ്ങളെ മാത്രമേ എഫ്.സി.ആര്‍.എ നിയമപ്രകാരം അനഭിലഷണീയം ആയി കണക്കാക്കാന്‍ സാധിക്കൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.
സര്‍ക്കാരിനോ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കോ എതിരായ പ്രതിഷേധങ്ങളെ പിന്തുണച്ചതുകൊണ്ട് മാത്രം വിദേശഫണ്ട് പൊതുതാല്‍പര്യത്തിന് വിരുദ്ധമായി ഉപയോഗിച്ച് എന്ന് പറയാനാകില്ല. കേസില്‍ എഫ്.സി.ആര്‍.എ നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങളോ സാമ്പത്തിക ക്രമക്കേടുകളോ നടന്നതായി രേഖകളിലില്ലെന്ന് വ്യക്തമാക്കിയ കോടതി, മൂന്ന് മാസത്തിനകം ഹര്‍ജിക്കാരുടെ അപേക്ഷയില്‍ പുനപരിശോധന നടത്തി പുതിയ ഉത്തരവിറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പുതിയ ഉത്തരവ് വരുന്നതുവരെ മുന്‍പ് ലഭിച്ച ഫണ്ടുകള്‍ വിനിയോഗിക്കാന്‍ സംഘടനകള്‍ക്ക് അനുമതിയുണ്ടായിരിക്കും എന്നാല്‍ പുതിയ വിദേശ ഫണ്ടുകള്‍ സ്വീകരിക്കാന്‍ പാടില്ല.
അതിനിടെ പാര്‍ലമെന്റില്‍ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ച വിവാദപരമായ എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പും ആവശ്യവും തള്ളിക്കൊണ്ടാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ജെ.പി.സി രൂപീകരണത്തിനുള്ള പ്രമേയം ഇരുസഭകളിലും അവതരിപ്പിച്ച് പാസാക്കിയത്. ഉച്ചയ്ക്ക് ശേഷം സഭ പുനരാരംഭിക്കുന്നതിന് തൊട്ടുമുമ്പ് കാര്യപരിപാടികളുടെ അധിക പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്.