തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളും പ്രളയക്കെടുതികളും ആവര്‍ത്തിക്കുന്ന കേരളത്തില്‍ ശാസ്ത്രീയവും ദീര്‍ഘവീക്ഷണമുള്ളതുമായ പ്രതിരോധ സംവിധാനം തീര്‍ക്കാന്‍ കേരള ഫ്ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. എഐ, മെഷീന്‍ ലേണിങ് തുടങ്ങി ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ദുരന്ത സാധ്യതകള്‍ മുന്‍കൂട്ടി അറിയാനും ജനങ്ങള്‍ക്ക് സമയബന്ധിതമായി കൃത്യമായ മുന്നറിയിപ്പ് നല്‍കാനും ലക്ഷ്യമിടുന്നതാണ് ഈ സമഗ്ര പദ്ധതി.
ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവടങ്ങളിലെ പ്രമുഖ ഗവേഷകരും വിദഗ്ധരും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയുടെ ആദ്യ രൂപരേഖ മുഖ്യമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചു. തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവയെല്ലാം ശാസ്ത്രീയ അടിത്തറയോടെ നേരിടാനുള്ള കൃത്യമായ മാര്‍ഗരേഖയാണ് വിദഗ്ധ സംഘം മുന്നോട്ടുവെക്കുന്നത്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പ്രവചനം കൂടുതല്‍ കൃത്യമാക്കാനും റിമോട്ട് സെന്‍സിങ്, ഹൈഡ്രോഡൈനാമിക് മോഡലിങ് എന്നിവ വഴി പ്രളയ സാധ്യതയുള്ള മേഖലകളെ കൃത്യമായി തിരിച്ചറിയാനും പദ്ധതിയിലൂടെ സാധിക്കും. പുഴകളിലെയും കായലുകളിലെയും മണ്ണും എക്കലും നീക്കം ചെയ്യുന്ന പരമ്പരാഗത രീതികള്‍ക്ക് പകരം, ജലമൊഴുക്കിന്റെ സ്വാഭാവിക ഗതിയെ ശാസ്ത്രീയമായി പഠിച്ച ശേഷം മാത്രം ഇത്തരം നടപടികളിലേക്ക് കടക്കാവൂ എന്നും ഐ.ഐ.ടി സംഘം ശുപാര്‍ശ ചെയ്യുന്നു.
പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന് നേരിടേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയും ഇതിന്റെ പ്രായോഗിക വശങ്ങളും പരിശോധിക്കാന്‍ ദുരന്തനിവാരണ, ജലവിഭവ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇരു വകുപ്പുകളും സംയുക്തമായി പഠനം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തദ്ദേശീയവും സാങ്കേതികവുമായ ഈ മുന്നൊരുക്കം പ്രളയ പ്രതിരോധത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്ഹ ഐ.എ.എസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.