തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു. പുരസ്കാരത്തിന് പ്രമുഖ കവിയും പത്രപ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രൻ അർഹനായി. ഒരു വെർജീനിയൻ വെയിൽ കാലം എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വെങ്കല ശില്പവുമാണ് പുരസ്കാരം.
കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ രാമചന്ദ്രന് ഇതുവരെ ലഭിച്ചിട്ടുണ്ട്. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.