തിരുവനന്തപുരം: വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണവും കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന സമരവേദി പ്രതിപക്ഷ നേതാവ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം കത്തയച്ചത്.
പിന്നോക്ക, ദരിദ്രകുടുംബങ്ങളിലെ രണ്ട് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിനിരയായി മരിച്ചിട്ടും നീതി തേടി അവരുടെ മാതാപിതാക്കള്‍ക്ക് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രക്ഷോഭം നടത്തേണ്ടി വന്നത് കേരളത്തിന് അപമാനകരമാണ്. അതിനാൽ ഇവരെ ഇനിയും കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടാതെ മുഖ്യമന്ത്രിഎന്ന നിലയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും, കേസിന്റെ പുനരന്വേഷണവും ഉടന്‍ ഉണ്ടാകണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.