തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി തൃശൂരില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബൈബിളിലെ വാചകങ്ങള്‍ പരാമര്‍ശിക്കുന്ന നരേന്ദ്ര മോഡി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് മിണ്ടിയിട്ടില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് പ്രധാനമന്ത്രി ബൈബിള്‍ ഉദ്ധരിച്ചതെന്ന് പ്രിയങ്ക വിമര്‍ശിച്ചു. രാജ്യത്ത് വിഭജനത്തിന്റെ വിത്ത് പാകിയിട്ട് ബൈബിള്‍ ഉദ്ധരിക്കുന്നത് പൊള്ളത്തരമാണ്. ബൈബിളിലെ വാചകം പരാമര്‍ശിച്ച മോഡി, കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. കന്യാസ്ത്രീകളെ ആക്രമിച്ചത് മോഡിയുടെ സ്വന്തം പാര്‍ട്ടിയിലെ യുവ ഗുണ്ടകളാണന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശത്തെയും പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചു. ജോയ്‌സ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും അപമാനിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിയില്‍ നിന്നാണോ സിപിഎം പ്രചാരണം പഠിച്ചതെന്ന് പ്രിയങ്ക ചോദിച്ചു. ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശത്തിന് പിന്നാലെ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ സന്തോഷിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ വിവിധ ജില്ലകളില്‍ രണ്ടു ദിവസമായി പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ യുഡിഎഫിന് ആവേശമായി. നിരവധി യുഡിഎഫ് പ്രവര്‍ത്തകരാണ് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയത്.