ഒരു തവണ എംഎല്‍എയായി; വേറെ ബന്ധമൊന്നുമില്ല: നേമത്തെപ്പറ്റി തണുപ്പന്‍ പ്രതികരണവുമായി ഒ.രാജഗോപാല്‍

ഒരു തവണ എംഎല്‍എയായി; വേറെ ബന്ധമൊന്നുമില്ല: നേമത്തെപ്പറ്റി തണുപ്പന്‍ പ്രതികരണവുമായി ഒ.രാജഗോപാല്‍

തിരുവനന്തപുരം: നേമത്തെ സംബന്ധിച്ച് തണുപ്പന്‍ പ്രതികരണവുമായി സിറ്റിംഗ് എംഎല്‍എ ഒ.രാജഗോപാല്‍. നേമം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നേമത്ത് ഒരു തവണ എം.എല്‍.എയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നുമാണ് രാജഗോപാല്‍ മറുപടി പറഞ്ഞത്.

രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് കെ.മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏര്‍പ്പാടല്ലെന്ന് പറഞ്ഞ രാജഗോപാല്‍ ആക്രമണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് അവര്‍ പറയുന്നതല്ലേ എന്നും ചോദിച്ചു.

പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മുരളീധരന്‍ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

നേമത്തെ ബിജെപിയുടെ സിറ്റിങ് എം.എല്‍.എയാണ് രാജഗോപാല്‍. ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണിത്. നിര്‍ണായകമായ വോട്ടെടുപ്പ് ദിവസമാണ് നേമത്തെ സംബന്ധിച്ച് രാജഗോപാല്‍ തണുപ്പന്‍ പ്രതികരണം നടത്തിയതെന്നതും ശ്രദ്ധേയമാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.