കേരളത്തിലെ മുഖ്യമന്ത്രി ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്നയാളാണ്: രമേശ് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രി ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്നയാളാണ്: രമേശ് ചെന്നിത്തല

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വജനപക്ഷപാതം, അഴിമതി നിരോധനം എന്നിവയ്ക്ക് വേണ്ടിയാണ് ലോകയുക്തയുള്ളത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് ക്ഷമിക്കില്ല. കാരണം നായനാര്‍ കൊണ്ടുവന്ന ഒരു നിയമത്തില്‍ ആദ്യമായാണ് ഒരു മന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത്രയും ഗുരുതര അഴിമതി നടന്നിട്ട് ആ മന്ത്രിയെ പുറത്താക്കണം എന്ന് ലോകായുക്ത പറയുമ്പോൾ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി. ലാവലിന് കേസിലെ ആറാമത്തെ പ്രതിയാണ് പിണറായി. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവലിനാണ്. അതിലെ പ്രതിയായ പിണറായി വിജയന്‍ അഴിമതിക്കെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. നാണമില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.