കമ്മീഷന്റെ നീക്കം പാളി; രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

കമ്മീഷന്റെ നീക്കം പാളി; രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോഴത്തെ നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം പാളി.

നിലവില്‍ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി നിര്‍ദേശം. സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ ഏപ്രില്‍ 12നാണ് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തെരഞ്ഞെടുപ്പ് നീട്ടി വെക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുകയായിരുന്നു. ഇതിനെതിരെയാണ് സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.