കൊച്ചി: എറണാകുളം ജില്ലയിലെ അതിതീവ്ര കൊവിഡ് വ്യാപനത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ജനസംഖ്യാനുപാതത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ വ്യാപനം ഉള്ള ജില്ലയായി എറണാകുളം മാറി. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ദില്ലിയിക്കും മുംബൈയ്ക്കും സമാനമായ സ്ഥിതി എറണാകുളത്തുമുണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പകച്ചു നില്‍ക്കുകയാണ് എറണാകുളം ജില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ നാലയിരത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ദില്ലിക്ക് സമാനമായി കുതിച്ചുയരുന്നുണ്ട്. ജനസംഖ്യാനുപതത്തില്‍ എറണാകുളത്തിനേക്കാളും കുറവാണ് ദില്ലിയിലെയും മുംബൈയിലെയും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല് ദിവസത്തിനുള്ളില്‍ മാത്രം 16,136 പേര്‍ക്കാണ് കൊവിഡ് പിടികൂടിയത്.