സിഡ്‌നി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ നാട്ടില്‍ തിരിച്ചെത്തുന്നത് ക്രിമിനല്‍ കുറ്റകരമാക്കിയ ഫെഡറല്‍ സര്‍ക്കാരിനെതിരേ കോടതിയില്‍ കേസ്. ഇന്ത്യയില്‍ കുടുങ്ങിയ 73 വയസുകാരനായ ഓസ്ട്രേലിയന്‍ പൗരനാണ് സര്‍ക്കാരിന്റെ വിവാദ തീരുമാനത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് സിഡ്‌നിയിലെ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ബംഗളുരുവില്‍ സൃഹൃത്തുക്കളെ കാണാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ എത്തിയ ഗാരി ന്യൂമാനാണ് ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ടിനെതിരേ ബുധനാഴ്ച കേസ് ഫയല്‍ ചെയ്തത്. അഭിഭാഷകരായ മൈക്കല്‍ ബ്രാഡ്ലി, ക്രിസ് വാര്‍ഡ് എസ്സി എന്നിവര്‍ മുഖേനയാണ് ന്യൂമാന്‍ ഇന്ന് സിഡ്നിയിലെ ഫെഡറല്‍ കോടതിയില്‍ ജസ്റ്റിസ് സ്റ്റീഫന്‍ ബര്‍ലിയുടെ മുമ്പാകെ അടിയന്തര വാദത്തിനായി ഹര്‍ജി സമര്‍പ്പിച്ചത്.
ഇന്ത്യയിലുള്ള ന്യൂമാന്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കിലും വിലക്ക് മൂലം സാധിക്കുന്നില്ലെന്നും ബയോസെക്യൂരിറ്റി നിയമപ്രകാരം പൗരന്മാരെ കുറ്റക്കാരാക്കുന്ന ആരോഗ്യമന്ത്രിയുടെ അടിയന്തര പ്രഖ്യാപനം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നും അഭിഭാഷകര്‍ ഹര്‍ജിയില്‍ പറയുന്നു.
സര്‍ക്കാര്‍ അതിന്റെ അധികാരപരിധി ലംഘിക്കുന്നതായും മന്ത്രിയുടെ പ്രഖ്യാപനം നാട്ടിലേക്കു മടങ്ങാനുള്ള പൗരന്റെ അവകാശത്തെ ലംഘിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതി ഫയലില്‍ സ്വീകരിച്ചു. വാദത്തിനുള്ള തീയതി 48 മണിക്കൂറിനുള്ളില്‍ തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.