അബുജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയിൽ നിന്നൊരു സന്തോഷ വാർത്ത. ദക്ഷിണ നൈജീരിയയിലെ എനുഗു രൂപതയില്‍ കൗമാരക്കാരും മുതിര്‍ന്നവരുമുള്‍പ്പടെ 983 പേര്‍ സ്ഥൈര്യലേപനം സ്വീകരിച്ചു.
പരിശുദ്ധാത്മാവിന് സമര്‍പ്പിച്ചിരിക്കുന്ന രൂപതയുടെ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളിലാണ് ഇത്രയധികം പേര്‍ ഒരുമിച്ച് സ്ഥൈര്യലേപനം സ്വീകരിച്ചത്. എനുഗു രൂപതയുടെ സഹായ മെത്രാന്‍ ഏണസ്റ്റ് ഒബോഡോ ദിവ്യബലിക്കും തികുക്കർമ്മങ്ങൾക്കും നേതൃത്വം നൽകി.
സ്വര്‍ഗീയമായ പ്രവര്‍ത്തനത്തിന്റെ വ്യക്തമായ അടയാളമാണ് ഇത്രയധികം ആളുകളുടെ ഒരുമിച്ചുള്ള സ്ഥൈര്യലേപന സ്വീകരണമെന്ന് ബിഷപ്പ് ഒബോഡോ പറഞ്ഞു. ദൈവം രൂപതയില്‍ പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ആശ്വാസകനായ പരിശുദ്ധാത്മാവ് കല്ലുപോലുള്ള ഹൃദയം രൂപാന്തരപ്പെടുത്തി നമ്മെ പുതിയ സൃഷ്ടികളാക്കി മാറ്റുകയും ചെയ്യുന്നു,’- ബിഷപ്പ് ഒബോഡോ പറഞ്ഞു.
നൈജീരിയയിൽ ആയുധധാരികളുടെ ആക്രമണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. 2009 മുതൽ രാജ്യത്ത് ബോക്കോ ഹറാം തീവ്രവാദികൾ ശക്തി പ്രാപിച്ചിട്ടുണ്ട്. നൈജീരിയയെ ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. ഇപ്പോൾ ഫുലാനി തീവ്രവാദികളുടെ ആക്രമണവും രാജ്യത്ത് വർദ്ധിച്ചിരിക്കുകയാണ്.
ഓപ്പൺ ഡോർസ് സംഘടനയുടെ 2025ലെ ലോക ക്രൈസ്തവ പീഡന സൂചിക പ്രകാരം ലോകത്താകമാനം കൊല്ലപ്പെട്ട ക്രൈസ്തവരിൽ 69 ശതമാനവും നൈജീരിയയിൽ നിന്നാണ്. അഞ്ചാം സ്ഥാനത്താണ് നൈജീരിയയുടെ സ്ഥാനം.