500 കിലോ മീറ്റര്‍ വരെ 7,500 രൂപ: വിമാന കമ്പനികളുടെ ആകാശക്കൊള്ള തടഞ്ഞ് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

500 കിലോ മീറ്റര്‍ വരെ 7,500 രൂപ: വിമാന കമ്പനികളുടെ ആകാശക്കൊള്ള തടഞ്ഞ് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

500 കിലോ മീറ്റര്‍ വരെ 7,500 രൂപ, 500 മുതല്‍ 1000 കിലോ മീറ്റര്‍ വരെ 12,000 രൂപ, ആയിരം കിലോ മീറ്റര്‍ മുതല്‍ 1,500 കിലോ മീറ്റര്‍ വരെ 15,000 രൂപ, 1,500 കിലോ മീറ്ററിനു മുകളില്‍ 18,000 രൂപ.

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ നേരിടുന്ന പ്രതിസന്ധി മുതലെടുത്ത് ആകാശക്കൊള്ളക്കിറങ്ങിയ മറ്റ് വിമാന കമ്പനികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം.

500 കിലോ മീറ്റര്‍ വരെ 7,500 രൂപ, 500 മുതല്‍ 1000 കിലോ മീറ്റര്‍ വരെ 12,000 രൂപ, ആയിരം കിലോ മീറ്റര്‍ മുതല്‍ 1,500 കിലോ മീറ്റര്‍ വരെ 15,000 രൂപ, 1,500 കിലോമീറ്ററിനു മുകളില്‍ 18,000 രൂപ എന്നിങ്ങനെയാണ് ഇക്കോണമി ടിക്കറ്റിലെ പരിധി നിശ്ചിയിച്ചിരിക്കുന്നത്.

ഇതിന് പുറമേ യൂസര്‍ ഡവലപ്‌മെന്റ് ഫീസ്, പാസഞ്ചര്‍ സര്‍വീസ് ഫീസ്, നികുതി എന്നിവയുണ്ടാകും. ബിസിനസ് ക്ലാസിനും ഉഡാന്‍ ഫ്‌ലൈറ്റുകള്‍ക്കും ഈ നിരക്ക് ബാധകമല്ല.

അധിക നിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് ഇന്ന് രാവിലെ വ്യോമയാന മന്ത്രാലയം വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിരക്ക് സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല.

അതോടെ പല കമ്പനികളും വ്യത്യസ്തമായ നിരക്കിലായിരുന്നു ടിക്കറ്റുകള്‍ വിറ്റിരുന്നത്. തുടര്‍ന്നാണ് വ്യോമയാന മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. കോവിഡ് കാലത്തും ഇത്തരം നിയന്ത്രണം കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നു.

സ്ഥിതിഗതികള്‍ സാധാരണഗതിയില്‍ എത്തും വരെ ഈ നിയന്ത്രണം തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്‍ഡിഗോ സര്‍വീസുകള്‍ താറുമാറായതിനു പിന്നാലെ മറ്റ് വിമാനക്കമ്പനികളിലെ യാത്രാക്കൂലി കുത്തനെ കൂട്ടിയിരുന്നു.

ഇന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോണ്‍ സ്റ്റോപ്പ് എയര്‍ ഇന്ത്യ ടിക്കറ്റിന് 55,955 മുതല്‍ 64,557 രൂപ വരെയായിരുന്നു നിരക്ക്. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 38,000 രൂപ കടന്നിരുന്നു.

അതിനിടെ ടിക്കറ്റ് കാന്‍സലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി എട്ടിന് മുന്‍പായി യാത്രക്കാര്‍ക്ക് നല്‍കിയിരിക്കണമെന്ന് ഇന്‍ഡിഗോയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റീഷെഡ്യൂളിങ് ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ല. റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

യാത്രക്കാരുടെ ലഗേജ് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇവ കണ്ടെത്തി യാത്രക്കാരന്റെ വിലാസത്തില്‍ എത്തിക്കണം. പരാതി പരിഹാരത്തിനായി ഇന്‍ഡിഗോ പ്രത്യേക പാസഞ്ചര്‍ സപ്പോര്‍ട്ട്, റീഫണ്ട് ഫെസിലിറ്റേഷന്‍ സെല്ലുകള്‍ ആരംഭിക്കണം.

ഫ്‌ളൈറ്റ് കാന്‍സലേഷന്‍ ബാധിച്ച യാത്രക്കാരെ ഈ സെല്ലുകള്‍ ബന്ധപ്പെട്ട് റീഫണ്ട് നല്‍കുകയോ ബദല്‍ യാത്രാ പ്ലാന്‍ വാഗ്ദാനം ചെയ്യുകയോ വേണമെന്നും വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.