ക്രിസ്തുമസ് കഴുത ( ചെറുകഥ)

 ക്രിസ്തുമസ് കഴുത ( ചെറുകഥ)

ആത്മീയതയുടെ പുതുവത്സരം തുടങ്ങുന്നത് പിറവിയിലല്ല കാത്തിരിപ്പിലാണ് എന്നത് എത്ര നല്ല വിചാരമാണ്. അങ്ങനെ അഡ്വെൻ്റ് സീസൻ /ആഗമനകാലം ആത്മീയതയുടെ പുതുവർഷപ്പിറവിയാകുന്നു. ഇതര ആത്മീയ ക്രമങ്ങളിൽ പറയുന്ന, ഗുരുവിലേയ്ക്കുള്ള ദീക്ഷയെന്ന പോലെ, ക്രിസ്തുമസിലേക്കുള്ള കാത്തിരിപ്പ് നിഷ്ക്കളങ്കർക്ക് പ്രതീക്ഷയുടെ ദീക്ഷയാകുന്നു.

എന്താണ് ഈ അഡ്വെൻ്റ് സീസൺ നമ്മിൽ തിരഞ്ഞു വരുന്നത്? ചോദ്യം ധ്യാനമായി പരിണമിക്കുമ്പോൾ ഉത്തരമായി മുമ്പിലൂടൊരു പരേഡ് കടന്നു പോകുന്നു. സ്കൂൾ പട്ടാളക്കുട്ടികളാണ്, സ്കൗട്ട്സ് & ഗൈഡ്സ്. കൈയ്യിലൊരു സ്ളോഗൻ ബാനറുമുണ്ട്. 'be prepared' എന്നതാണ് വാക്യം. അതെ, ഒരുങ്ങിയിരിക്കുക എന്നത് മാത്രമാണ് ഈ കാലം ആവശ്യപ്പെടുന്നത്. 'എന്തിനെന്ന്' വ്യക്തമായവർക്ക് 'എങ്ങനെ'യെന്നത് നിയതി വ്യക്തിപരമായി തന്നെ വിട്ടു നൽകുന്നു.

കാലം നിങ്ങളിലെ കരുത്തനെ തേടുന്നുവെന്ന് കരുതുന്നിടത്ത് നമുക്ക് തെറ്റ് പറ്റുന്നു. അവിടുന്ന് നിഷ്ക്കളങ്കതമുറ്റിയ നിസ്സഹായരെ മാത്രം തേടുന്നു, നേടുന്നു. 'എല്ലാ നായകരും സാന്താ സ്യൂട്ട് ധരിക്കുന്നില്ല' (not all Hearos wear Santa suit) എന്നൊരു ടാഗ് ലൈനിൽ ഇറങ്ങിയ ഒരു പഴയ ഷോർട്ട് ഫിലിം കണ്ടു. സംഭവം ഒരു കഴുതയുടെ കഥയാണ്. എല്ലാ കഥകളിലേയും പോലെ തന്നെ ഉപയോഗശൂന്യമായ ഒരു കഴുതയുടെ കഥയാണ്. മടിയനായതുകൊണ്ടല്ല, മറിച്ച് വയ്യായ്കയും വലിപ്പമില്ലായ്മയും കൊണ്ട് ഉടമക്ക് വേണ്ടാതായ ഒരു കഴുത.

വലുപ്പം കുറവായതിനാൽ ഒറ്റക്ക് ഒരു വണ്ടിവലിക്കാൻ കഴിയുന്നില്ല അതിന്. പലപ്പോഴും മലകയറുമ്പോൾ വണ്ടിഭാരം താങ്ങാൻ കഴിയാതെ അത് ഉയർന്നു പൊങ്ങി നുകത്തിൽ തൂങ്ങി നിന്നു. ഭക്ഷണമായി ബാർളി നൽകുമ്പോൾ മറ്റു കഴുതകളോടു മത്സരിച്ച് നേടാൻ കഴിയാതെ പലപ്പോഴും അത് പട്ടിണിയിലായി.

ചടച്ച് മെല്ലിച്ച് ഉയരം കുറഞ്ഞ കഴുതയെ ഉപേക്ഷിക്കാൻ തീരുമാനിച്ച ദിവസം ജോസഫ് എന്നൊരാൾ ആ വഴി വന്നു. കൂടെ നിറവയറുള്ള മരിയ എന്നൊരു പെൺകുട്ടിയും.
പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഗർഭിണിയായ പെൺകുഞ്ഞിനെ ജോസഫ് തിരഞ്ഞെടുപ്പിന് അയച്ചു. ലായത്തിന് പുറത്ത് നിന്ന ആ ഉയരം കുറഞ്ഞ പാവം കഴുതയെ കണ്ട അവളുടെ ഉള്ളിലെ ശിശു കുതിച്ച് ചാടി.അവളുടെ സ്വന്തമെന്ന് എന്തിനേയും തിരിച്ചറിയുന്ന വഴിയാണത്. നിറവയറിൽ കൈ വെയ്ക്കുക. ഉള്ളിലുള്ളവൻ കുതിച്ച് ചാടിയാൽ അത് നിൻ്റെത് തന്നെ.
നീതിമാനായ ജോസഫ് അതിനെ വിലക്ക് വാങ്ങി. വയർ നിറയെ അതിനെ അവരൂട്ടി. ആ ചെറിയ പെൺകുട്ടി പൊക്കം കുറഞ്ഞ ആ കഴുതപ്പുറത്ത് വളരെ കംഫർട്ടബിളായി ഇരുന്നു. അങ്ങനെ ആദ്യമായി രക്ഷകൻ കഴുതപുറത്ത് സവാരി ഗിരി ഗിരി നടത്തി.

നോക്കി നിൽക്കെ ലായത്തിന് പുറത്തേയ്ക്ക് തള്ളപ്പെട്ട ആ കഴുത ക്രിസ്തുമസ് കഴുതയായി മാറി. അങ്ങനെ ഈ കാലമാകട്ടെ ഉപേക്ഷിക്കപ്പെടുന്ന കഴുതകളെത്തേടി രക്ഷകൻ വരുന്ന കാലവും."വിജ്‌ഞാനികളെ ലജ്‌ജിപ്പിക്കാന്‍ ലോക ദൃഷ്‌ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്‌തമായവയെ ലജ്‌ജിപ്പിക്കാന്‍ ലോകദൃഷ്‌ടിയില്‍ അശക്‌തമായവയെയും". 1 കോറിന്തോസ്‌ 1:27 വായിച്ചു തീരുമ്പോൾ ഉള്ളിലെ ലജ്ജ എന്തെന്നില്ലാതെ കനപ്പെടുന്നുണ്ട്.

ഇന്നുമെവിടെയോ ഒരു പെരുന്നാൾ ഒരുങ്ങുമ്പോൾ, പാട്ടിൻ്റെ പെർഫെക്ഷന് വേണ്ടി നമ്മൾ മാറ്റി നിർത്തിയ, ഇത്തിരി പിച്ച് തെറ്റിച്ച് പാടുന്ന ആ മോളെ ഒന്ന് നോക്കൂ. നമ്മുടെ പാട്ടിൽ പിറക്കാത്ത ഒരാൾ അവളുടെ ഹൃദയത്തിൽ പിറക്കുന്നത് അറിയൂ. എന്തു പറയുമ്പോഴും വിക്കുന്ന കൂട്ടുകാരൻ്റെ കവിതയിൽ ഉണ്ണി പിറന്നത് വായിച്ചു കണ്ണു നിറയൂ. ഒന്നും പഠിക്കാൻ പറ്റാത്ത വിധം ഓട്ടിസം ഉള്ള കൂട്ടുകാരൻ്റെ ചിരിയിൽ മഞ്ഞു പെയ്തു തുടങ്ങുന്നത് കാണുന്നില്ലേ? ഒക്കെയും അവൻ തേടി കണ്ടെത്തിയവരാണ്. അവരെ ചേർത്ത് പിടിക്കുക എന്നത് ഇനി നിങ്ങളുടെ ആവശ്യമാണ്, അവരുടെയല്ല!

പലവട്ടം നിങ്ങൾ കേട്ട കഥയെങ്കിലും ഒരിക്കൽ കൂടി പറഞ്ഞു പോകാൻ തോന്നുന്നു. ഒരു സ്പെഷ്യൽ സ്കൂളിൽ കലാപരിപാടികൾ നടക്കുകയാണ്. 'പിറവി' എന്ന നാടകം കുട്ടികൾ ഒരു വിധം ഒപ്പിച്ചു വരികയാണ്. നിറവയറായ മറിയത്തെയും കൂട്ടി ജോസഫ് സത്രത്തിൻ്റെ വാതിൽക്കൽ മുട്ടുകയാണ്.

"ഇവിടെ മുറിയില്ല ! ".
പക്ഷേ ജോസഫ് രണ്ടാം വട്ടം ചോദിക്കുന്ന സീനിൽ കളിമാറുകയാണ്.
ഓട്ടിസം ഉള്ള ആ കുട്ടി കരഞ്ഞുകൊണ്ട്
നിറവയറുള്ള മേരിയെ നോക്കി പറഞ്ഞു "ഞാൻ മുറി തരാം ഇവിടെ താമസിച്ചുകൊള്ളൂ".
നാടകം പൊട്ടി! നമ്മുടെ ഹൃദയവും!
ഇത് വരെ നമുക്കറിയാവുന്ന കാര്യങ്ങളായിരുന്നു. പക്ഷേ ഒരിക്കൽ ഈ കഥ കേട്ട ഒരാൾ കണ്ണു നിറഞ്ഞ് കഥ പറയുന്നവന്നോട് തിരിച്ച് ചോദിച്ചു."ഇങ്ങിനെ ഒരു കുട്ടി ഉള്ള ഇടത്തിൽ എന്തിനാണ് രക്ഷകൻ പിറക്കുന്നത്?"

ആ ചോദ്യം ഇപ്പോഴും സമാന്തര ചിന്ത ഉള്ളിൽ നിറയ്ക്കുന്നുണ്ട്. രക്ഷകൻ വീണ്ടും വരേണ്ടതുണ്ടോ? അത്രയും നിഷ്കളകരും നിർമ്മമരും നീതിമാൻമാരും ഉണ്ടെങ്കിൽ പിന്നെ എന്തിന്? ഒരു പക്ഷേ ആ കുട്ടി നമ്മെ വെല്ലുവിളിക്കുന്നതാവാം 'പുറത്തൊരു രക്ഷകൻ പിറക്കേണ്ടതില്ലാത്ത വിധത്തിൽ അകത്തെ നിഷ്കളങ്കതയിൽ നമുക്ക് ജീവിക്കാൻ സാധിക്കുമോ'?
ഒരു കൂട്ടുകാരൻ ഓർമ്മയിൽ വരുന്നുണ്ട് സ്പെഷ്യൽ സ്ക്കൂൾ അദ്ധ്യാപകനാണ്. കഴിഞ്ഞ വർഷം സ്കൂളിൽ ഒരു പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്.

"നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളേ, ഇവരുടെ നിഷ്ക്കളങ്കതയിൽ തോറ്റുപോയിരിക്കുന്ന ബാക്കിയുള്ളവരേ, വന്ദനം"
അതെ, ഈ നിഷ്കളങ്കത തിരികെ പിടിക്കലാണ് രക്ഷയുടെ ഏകവഴി.
വൈലോപ്പള്ളി കൃഷ്ണാഷ്ടമിയിൽ എഴുതിയ ഒരു വരി ഓർമ്മ വരുന്നു.
"വിശ്വപിതാവാം നീയീ ഞങ്ങടെ
കൊച്ചു കിടാവായ് വന്നല്ലോ
ഞങ്ങടെ പുണ്യമിതല്ലെന്നാലും
നിൻ കരളേലും കാരുണ്യം"
കവിതയിലെ പോലെ തന്നെ അവിടുന്ന് കരുണയാൽ നമ്മെ തേടി വന്നേക്കാം.
മാറാനാത്താ! അകത്തേക്കായാലും പുറത്തേക്കായാലും
കർത്താവേ നീ വേഗം വരേണമേ!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.