സിഡ്‌നി: ഓസ്‌ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മെറ്റ നീക്കം ചെയ്തു തുടങ്ങി. ലോകത്ത് ഇത്തരമൊരു നിരോധനം പ്രാബല്യത്തിൽ വരുന്ന ആദ്യത്തെ രാജ്യമാണ് ഓസ്‌ട്രേലിയ. ഇവിടെ നിയമം നിലവിൽ വരുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് മെറ്റയുടെ ഈ നടപടി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് മെറ്റ കൗമാരക്കാരെ ഒഴിവാക്കിയത്.
ഈ മാസം പത്തോടെ യുട്യൂബ്, സ്നാപ്ചാറ്റ്, ടിക് ടോക് , റെഡിറ്റ് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർജീവമാകും. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളിൽ അക്കൗണ്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ 495 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ ആകും ടെക് കമ്പനികൾ പിഴ നൽകേണ്ടി വരുക.
ഓസ്‌ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണറുടെ കണക്കനുസരിച്ച് 13 നും 15നും ഇടയിൽ പ്രായമുള്ള ഏകദേശം 1.5 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളും 3.5 ലക്ഷം ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുമാണ് രാജ്യത്തുണ്ടായിരുന്നത്. മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾ ഈ നിയമത്തെ വിമർശിക്കുന്നുണ്ട്. ഈ നിയന്ത്രണം കൗമാരക്കാരെ സുരക്ഷിതമല്ലാത്ത മറ്റ് ഓൺലൈൻ ഇടങ്ങളിലേക്ക് എത്തിക്കുമെന്നും സുരക്ഷാ ഫിൽട്ടറുകൾ ലഭിക്കാതെ വരുമെന്നും ചില പ്ലാറ്റ്‌ഫോമുകൾ ആശങ്കപ്പെടുന്നു.
സൈബർ ഭീഷണികൾ, ഡാറ്റ ചോർച്ച, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയൻ സർക്കാർ ഈ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്. കുട്ടികളെ ഡിജിറ്റൽ ലോകത്തിൻ്റെ ദോഷഫലങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ഈ നിയമം സഹായിക്കുമെന്നാണ് വിലയിരുത്തൽ.