വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദ ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ് തമിഴിലേക്ക്

വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദ ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ് തമിഴിലേക്ക്

ചെന്നൈ: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിത കഥ പറയുന്ന ‘ദ ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ തമിഴിലേക്ക്. തമിഴ് പതിപ്പിന്റെ ആദ്യ പ്രദര്‍ശനം തീര്‍ത്ഥാടനകേന്ദ്രമായ പൂണ്ടി മാതാ ബസിലിക്കയില്‍ നടന്നു. തമിഴ്നാട് ബിഷപ്പ് കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രദര്‍ശനം ഒരുക്കിയത്.

തമിഴ്നാട് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് അന്തോണി സാമിയും ബിഷപ്പുമാരും ചേര്‍ന്ന് ചിത്രത്തിന്റെ തമിഴ് പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കി.

സിസ്റ്റര്‍ റാണി മരിയയുടെ നിസ്വാര്‍ത്ഥ ജീവിതവും ശക്തമായ സാക്ഷ്യവുമാണ് തന്നെ ഈ പ്രൊജക്ടിലേക്ക് ആകര്‍ഷിച്ചതെന്ന് സംവിധായകന്‍ ഡോ. ഷെയ്‌സൺ ഔസേപ്പ് പറഞ്ഞു. സിനിമയുടെ ചിത്രീകരണ വേളയില്‍ ഷൂട്ടിങ് ക്രൂ അഭിമുഖീകരിച്ച വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുന്ന ഒരു വീഡിയോയുടെ പ്രദര്‍ശനവും ഇതോടൊപ്പം ഉണ്ടായിരുന്നു.

ഇരുപത്തിയൊന്നാം വയസില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ ഷെയ്‌സണ്‍ ഔസേപ്പ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ തന്നെ വളരെയേറെ ശ്രദ്ധ നേടിയിരുന്നു.

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചലച്ചിത്ര താരം വിന്‍സി അലോഷ്യസാണ് റാണി മരിയയായി വേഷം ഇട്ടിരിക്കുന്നത്. റാണി മരിയയാകുവാന്‍ വിന്‍സി നടത്തിയ മേക്കോവറും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു.

1995ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട റാണി മരിയയുടെ ജീവചരിത്രമായ ദ ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ് ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ റാണയാണ് നിര്‍മ്മിച്ചത്. ജയപാല്‍ അനന്തന്‍ തിരക്കഥയും ദേശീയ പുരസ്‌കാരം നേടിയ ക്യാമറാമാന്‍ മഹേഷ് ആനെ ചായാഗ്രാഹണവും നിര്‍വഹിച്ചു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ച രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റര്‍. കൈതപ്രമാണ് ഗാനരചന നിര്‍വഹിച്ചത്. നിര്‍മ്മാണ നിര്‍വഹണം ഷാഫി ചെമ്മാട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.