ബെർലിൻ : ലോകമെമ്പാടുമുള്ള ഭീകരതയ്ക്ക് ധനസഹായം നൽകുന്ന ഇസ്ലാമിക സംഘടനയായ അൻസാർ ഇന്റർനാഷണലിനെ നിരോധിക്കുകയാണെന്ന് ജർമ്മൻ ആഭ്യന്തരമന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി.

“ഭീകരതയെ ചെറുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അതിന്റെ ഫണ്ട് നിറുത്തലാക്കണം ” മന്ത്രി ഹോർസ്റ്റ് സീഹോഫർ ട്വിറ്ററിൽ കുറിച്ചു. മാനുഷിക സഹായത്തിന്റെ മറവിൽ അൻസാർ സംഘടനയും അതിന്റെ കൂട്ടാളികളും ലോകമെമ്പാടും സലഫി പ്രത്യയശാസ്ത്രവും ഭീകരതയും പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംഘത്തെ നിരോധിക്കുന്നതിന്റെ ഭാഗമായി പോലീസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി കെട്ടിടങ്ങളിൽ തിരച്ചിൽ നടത്തി. യൂറോപ്യൻ യൂണിയന്റെ തീവ്രവാദ കരിമ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിന് ധനസഹായം നൽകുന്നുവെന്ന സംശയത്തെത്തുടർന്ന് 2019 ൽ അൻസാർ സംഘടനയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കും ദുരന്തം ബാധിച്ചവർക്കും മാനുഷിക സഹായം നൽകുകയാണ് സംഘടന എന്ന് അൻസാർ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ മറവിൽ സലഫിസം എന്ന തീവ്ര ഇസ്ലാം ചിന്താഗതികൾ പ്രചരിപ്പിക്കുകയാണ് സംഘടന ചെയുന്നതെന്ന് ജർമ്മനി കുറ്റപ്പെടുത്തുന്നു.