ജക്കാര്‍ത്ത: കോവിഡ് സ്രവ പരിശോധനയ്ക്കുള്ള കിറ്റുകള്‍ ഉപയോഗിച്ച ശേഷം കഴുകിയെടുത്ത് വീണ്ടും വില്‍പന നടത്തിയതിന് ഇന്തൊനീഷ്യയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ മാനേജര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കിമിയ ഫാര്‍മയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മേദാനിലെ കുലാനാമു വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനത്താവളത്തിലെത്തിയ 9,000 യാത്രക്കാരെ ഇത്തരത്തില്‍ കഴുകിയെടുത്ത കോവിഡ് സ്രവ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചതായി പോലീസ് പറഞ്ഞു.
യാത്രചെയ്യണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് പരിശോധന വിമാനത്താവളം വാഗ്ദാനം ചെയ്തിരുന്നു. കിമിയ ഫാര്‍മ നല്‍കിയ ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് വിമാനത്താവള അധികൃതര്‍ ഉപയോഗിച്ചിരുന്നത്. തെറ്റായ പരിശോധനാ ഫലം ലഭിച്ചെന്ന യാത്രക്കാരില്‍നിന്നുള്ള പരാതികളെ തുടര്‍ന്ന്, കഴിഞ്ഞയാഴ്ച ഒരു പോലീസ് ഉദ്യോഗസ്ഥനെ രഹസ്യമായി യാത്രക്കാരന്റെ വേഷത്തില്‍ അയച്ചിരുന്നു. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചതിനു പിന്നാലെ, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ അതിക്രമിച്ച് കയറി റെയ്ഡ് നടത്തുകയായിരുന്നു. സ്ഥലത്തുനിന്ന് ഉപയോഗിച്ച കോവിഡ് സ്രവ ടെസ്റ്റ് കിറ്റുകള്‍ കണ്ടെടുത്തു.
കമ്പനിയുടെ മാനേജര്‍ ഉള്‍പ്പെടെ അഞ്ച് കിമിയ ഫാര്‍മ ജീവനക്കാരെയാണ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത്. 23 സാക്ഷികളില്‍നിന്ന് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു. അഴിമതിയില്‍നിന്ന് 1.8 ലക്ഷം കോടി രൂപയാണ് പ്രതികള്‍ ലാഭമുണ്ടാക്കിയത്. സംശയിക്കപ്പെടുന്നവരില്‍ ഒരാള്‍ വീടിന്റെ നിര്‍മാണത്തിനായി പണം ഉപയോഗിച്ചതായും കണ്ടെത്തി.