മെല്‍ബണ്‍ സിറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ച് മാര്‍പാപ്പ; ഓസ്‌ട്രേലിയയ്ക്കു പുറമേ ന്യൂസിലന്‍ഡും ഓഷ്യാനിയയും

മെല്‍ബണ്‍ സിറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ച് മാര്‍പാപ്പ; ഓസ്‌ട്രേലിയയ്ക്കു പുറമേ ന്യൂസിലന്‍ഡും ഓഷ്യാനിയയും

മെല്‍ബണ്‍: ന്യൂസിലന്‍ഡിനെയും ഓഷ്യാനിയയിലെ ഏല്ലാ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി സിറോ-മലബാര്‍ സഭയിലെ മെല്‍ബണ്‍ സെന്റ് തോമസ് രൂപതയുടെ അധികാരപരിധി ഫ്രാന്‍സിസ് മാര്‍പാപ്പ വിപുലീകരിച്ചു. പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ തലവനായ കര്‍ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രിയാണ് കഴിഞ്ഞ മാര്‍ച്ച് 29 ന് ഇതു സംബന്ധിച്ച ഡിക്രിയില്‍ ഒപ്പുവച്ചത്. പുതിയ ഉത്തരവു പ്രകാരം മെല്‍ബണ്‍ സെന്റ് തോമസ് രൂപതയുടെ അധികാരപരിധിയില്‍ ഇനി മുതല്‍ ഓസ്‌ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും പുറമെ ഓഷ്യാനിയയിലെ എല്ലാ രാജ്യങ്ങളും ഉള്‍പ്പെടും.

പുതിയ ഉത്തരവനുസരിച്ച് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഓഷ്യാനിയ സീറോ-മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനാകും. ബിഷപ്പിന്റെ അധികാരപരിധിയിലാണ് ഈ രാജ്യങ്ങളിലെ സീറോ-മലബാര്‍ വിശ്വാസികള്‍ ഉള്‍പ്പെടുന്നത്.

ഓഷ്യാനിയന്‍ രാജ്യങ്ങളിലെ മുഴുവന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കും തനതായ അജപാലന സംവിധാനമുണ്ടാകണമെന്ന് സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡ് പരിശുദ്ധ സിംഹാസനത്തോട് അഭ്യര്‍ഥിച്ചിരുന്നു. സിനഡിന്റെ അഭ്യര്‍ഥന പരിഗണിച്ചും ഓഷ്യാനിയന്‍ രാജ്യങ്ങളിലെ ബന്ധപ്പെട്ട ബിഷപ്സ് കോണ്‍ഫറന്‍സുകളുടെ അഭിപ്രായം കണക്കിലെടുത്തുമാണ് മെല്‍ബണ്‍ രൂപതയുടെ അതിര്‍ത്തി വിപുലീകരിച്ച് പരിശുദ്ധ സിംഹാസനം കല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ രാജ്യങ്ങളിലെ സീറോ-മലബാര്‍ വിശ്വാസികളുടെ വര്‍ധിച്ചുവരുന്ന ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. തോമാശ്ലീഹായും പിന്‍ഗാമികളും കൈമാറിയ ആത്മീയ പൈതൃകത്തെയും ആരാധനാക്രമ, സഭാ പാരമ്പര്യത്തെയും മെച്ചപ്പെടുത്താന്‍ ഉത്തരവ് സഹായകമാകും.

വിശ്വാസികളുടെ അജപാലന ആവശ്യങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ നിറവേറ്റുന്നതിന് അധികാരപരിധി വിപുലീകരണം സഹായിക്കുമെന്ന് ഡിക്രിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടിയേറ്റത്തിലൂടെ സീറോ-മലബാര്‍ സഭ ആഗോളതലത്തില്‍ വളരുന്നതായി പരിശുദ്ധ സിംഹാസനവും ഓഷ്യാനിയയിലെ എപ്പിസ്‌കോപ്പല്‍ സമിതികളും അംഗീകരിക്കുന്നതിന്റെ തെളിവു കൂടിയാണ് ഈ ഉത്തരവ്.

മെല്‍ബണ്‍ രൂപതയുടെ അതിര്‍ത്തി വിപുലീകരണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംതൃപ്തി പ്രകടിപ്പിച്ചു. ഓസ്ട്രേലിയയില്‍ മാത്രമൊതുങ്ങി നിന്നിരുന്ന അധികാര പരിധി ഓഷ്യാനിയ മുഴുവനിലേക്കും വ്യാപിപ്പിച്ചതു മെല്‍ബണ്‍ രൂപതയുടെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. പരിശുദ്ധ പിതാവിനോടും പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രിയോടും അദ്ദേഹം സീറോ മലബാര്‍ സഭയുടെ കൃതജ്ഞത അറിയിച്ചു. മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിനെ ഫോണില്‍ വിളിച്ചു സന്തോഷമറിയിച്ച മേജര്‍ ആര്‍ച്ച് ബിഷപ് അതിര്‍ത്തി വിപുലീകരണം വഴി പരിശുദ്ധ സിംഹാസനം ഏല്‍പ്പിച്ച വര്‍ദ്ധിച്ച ഉത്തരവാദിത്വം ഫലപ്രദമായി നിര്‍വഹിക്കാന്‍ മെല്‍ബണ്‍ രൂപതയ്ക്കു സാധിക്കട്ടെയെന്നും ആശംസിച്ചു.

ഔദ്യോഗിക ചടങ്ങുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നു രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.

ഓസ്ട്രേലിയയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കു വേണ്ടി 2013 ഡിസംബര്‍ 23 നാണ് മെല്‍ബണ്‍ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. സീറോ മലബാര്‍ സഭയുടെ അന്നത്തെ കൂരിയാ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിനെ രൂപതയുടെ പ്രഥമ മെത്രാനായി പരിശുദ്ധ സിംഹാസനം നിയമിക്കുകയും ചെയ്തു. സമീപ രാജ്യമായ ന്യൂസിലന്‍ഡിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ എന്ന നിലയിലും മാര്‍ ബോസ്‌കോ പുത്തൂര്‍ സേവനം ചെയ്തു വരികയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.