ആഫ്രിക്കയില്‍ 78000 വര്‍ഷം മുന്‍പ് അടക്കം ചെയ്യപ്പെട്ട കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് ഗവേഷകര്‍

ആഫ്രിക്കയില്‍ 78000 വര്‍ഷം മുന്‍പ് അടക്കം ചെയ്യപ്പെട്ട കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് ഗവേഷകര്‍

നെയ്‌റോബി: കിഴക്കന്‍ ആഫ്രിക്കയില്‍ 78,000 വര്‍ഷം പഴക്കമുള്ള കുഴിമാടത്തില്‍നിന്നു മൂന്നു വയസ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതശരീരാവശിഷ്ടം കണ്ടെത്തി. മനുഷ്യരുടേതായി ആഫ്രിക്കയില്‍ കണ്ടെത്തിയ ഏറ്റവും പുരാതനമായ കുഴിമാടമാണിതെന്നു ഗവേഷകര്‍ വ്യക്തമാക്കി. കാലുകള്‍ നെഞ്ചോടു ചേര്‍ത്ത് കെട്ടിയ നിലയിലാണ് മൃതശരീരം സൂക്ഷിച്ചിരുന്നതെന്നാണ് അസ്ഥികളുടെ രീതി നല്‍കുന്ന സൂചന.

പൂര്‍വികരായ നിയാണ്ടര്‍ത്താലുകള്‍ 120,000 വര്‍ഷം മുന്‍പ് യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും അടക്കം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ആധുനിക മനുഷ്യരുടെ ഉത്ഭവം സംഭവിച്ചെന്നു കരുതുന്ന ആഫ്രിക്കയില്‍നിന്ന് ഇത്രയും വര്‍ഷം പഴക്കമുള്ള ശ്മശാനങ്ങളുടെ തെളിവുകള്‍ അധികം കണ്ടെത്തിയിട്ടില്ല. ലഭിച്ചത് 74000 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ശവസംസ്‌കാരത്തിന്റെ തെളിവാണ്. ആധുനിക ആഫ്രിക്കന്‍ ജനതയ്ക്ക് പുരാതന ജനവിഭാഗവുമായുള്ള ബന്ധത്തിലേക്കു വെളിച്ചം വീശാന്‍ പുതിയ കണ്ടെത്തലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെനിയന്‍ തീരത്തിനടുത്തുള്ള പംഗ യാ സൈദി എന്ന ഗുഹയിലാണ് ആഫ്രിക്കയിലെ ആദ്യത്തെ മനുഷ്യ ശ്മശാനം ഗവേഷകര്‍ കണ്ടെത്തിയത്. ഇവിടത്തെ ഗുഹാസമുച്ചയങ്ങളില്‍ നടക്കുന്ന പര്യവേക്ഷണങ്ങളില്‍ ശിലായുഗ കാലത്തെ നിരവധി കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങള്‍, വിവിധ കളിമണ്‍ വസ്തുക്കള്‍ എന്നിവ കുഴിമാടങ്ങളില്‍നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചു. അതേസമയം, കുട്ടിയെ സംസ്‌കരിച്ചിരിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. വസ്ത്രം കൊണ്ട് മൂടിക്കെട്ടി തല ഒരു തലയിണ പോലുള്ള വസ്തുവില്‍ ഉയര്‍ത്തി വെച്ച നിലയിലാണ് മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. വലിയ ഇലകള്‍, സസ്യങ്ങള്‍, മൃഗങ്ങളുടെ തൊലി എന്നിവ കൊണ്ട് ശരീരം പൊതിഞ്ഞിട്ടുണ്ട്. ശവസംസ്‌കാരത്തിന് അന്നത്തെ ജനത പ്രത്യേക രീതി പിന്തുടര്‍ന്നിരുന്നതായി കരുതാമെന്ന് സ്‌പെയിനിലെ നാഷണണ്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഹ്യൂമന്‍ എവല്യൂഷന്റെ ഡയറക്ടര്‍ മരിയ മാര്‍ട്ടിനോണ്‍ ടോറസ് പറഞ്ഞു. ശരീരാവശിഷ്ടങ്ങള്‍ക്ക് ആഫ്രിക്കന്‍ ഭാഷയായ സ്വാഹിലിയില്‍ കുട്ടി എന്നര്‍ഥം വരുന്ന ടോട്ടോ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.


പഴക്കം ചെന്നതിനാല്‍ ദ്രവിച്ച് ലോലമായ അവസ്ഥയിലായിരുന്നു അസ്ഥികള്‍. മൂന്ന് മീറ്ററോളം ആഴത്തിലായിരുന്നു ശവക്കുഴിയുടെ സ്ഥാനം. മൃതദേഹാവശിഷ്ടങ്ങളെ കുറിച്ച് കൃത്യമായ വിവരം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് കെനിയ നാഷണല്‍ മ്യൂസിയത്തിലെ ഇമ്മാനുവല്‍ പറഞ്ഞു. അസ്ഥികള്‍ ഏറെക്കുറെ ദ്രവിച്ച നിലയിലായതിനാല്‍ പഠനം ദുഷ്‌കരമായിരിക്കും.
അതീവസൂക്ഷ്മതയോടെ പുറത്തെടുത്ത അസ്ഥികളെ അടുക്കി പ്ലാസ്റ്റര്‍ ചെയ്ത് ആദ്യം മ്യൂസിയത്തിലേക്കും പിന്നീട് സ്‌പെയിനിലെ ഗവേഷണകേന്ദ്രത്തിലേക്കും അയച്ചു. തലയോട്ടിയുടെയും മുഖത്തിന്റെയും ആകൃതി രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി മാര്‍ട്ടിനോണ്‍ ടോറസ് പറഞ്ഞു. മൈക്രോ-കമ്പ്യൂട്ടഡ് ടോമോഗ്രഫിയും എക്‌സ്-റേയും ഉപയോഗിച്ച് രൂപപ്പെടുത്തിയ ത്രീഡി മാതൃകയില്‍ നിന്നാണ് മനുഷ്യക്കുട്ടിയുടെ അവശിഷ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.

നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ രീതികളുമായി ടോട്ടോ ശവസംസ്‌കാരത്തിന് സാമ്യമുണ്ടെന്നും നരവംശ ശാസ്ത്രജ്ഞനായ മൈക്കല്‍ പെട്രാള്‍ജിയ പറഞ്ഞു. നായാടികളും നാടോടികളുമായ ഒരു സമൂഹമായിരുന്നു അന്നത്തേതെന്ന് പാങ്ഗ യാ സെയ്ദി ഗുഹകളിലെ തെളിവുകള്‍ സൂചിപ്പിക്കുന്നതായും മൈക്കല്‍ കൂട്ടിച്ചേര്‍ത്തു. കെനിയയിലെ ഒരു വിഭാഗം ജനത വിശുദ്ധ ഇടമായി കരുതിപ്പോരുന്ന സ്ഥലമാണ് ഈ ഗുഹാസമുച്ചയമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.