2.5 ബില്യണ്‍ ഡോളറിന്റെ ആമസോണ്‍ ഓഹരികള്‍ വിറ്റഴിച്ച് ജെഫ് ബെസോസ്

2.5 ബില്യണ്‍ ഡോളറിന്റെ ആമസോണ്‍ ഓഹരികള്‍ വിറ്റഴിച്ച് ജെഫ് ബെസോസ്

ന്യൂയോര്‍ക്ക്: ആഗോള ഇ-കൊമേഴ്സ് വമ്പനായ ആമസോണിന്റെ 2.5 ബില്യണ്‍ ഡോളര്‍ വില വരുന്ന ഓഹരികള്‍കൂടി സ്ഥാപകനായ ജെഫ് ബെസോസ് വിറ്റതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും സമ്പന്നനായ അദ്ദേഹം ആമസോണില്‍ തനിക്കുന്ന ഓഹരികളില്‍ നിന്ന് 7.39 ലക്ഷം ഓഹരികളാണ് ഈ ആഴ്ച വിറ്റതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണിലെ ഇരുപത് ലക്ഷത്തോളം ഓഹരികള്‍ വില്‍ക്കാനാണ് ജെഫ് ബെസോസിന്റെ പദ്ധതി.

കഴിഞ്ഞവര്‍ഷം 10 ബില്യണ്‍ ഡോളര്‍ വില വരുന്ന ഓഹരികള്‍ അദ്ദേഹം വിറ്റിരുന്നു. നിലവില്‍ ആമസോണില്‍ 10 ശതമാനത്തിലേറെ ഓഹരികളാണ് ജെഫ് ബെസോസിനുള്ളത്. 191.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ബെസോസിനുള്ളത്. ആമസോണിലെ ഓഹരികളാണ് അദ്ദേഹത്തിന്റെ ആസ്തിയുടെ ഉറവിടം.

ആഗോള തലത്തില്‍ ലോക്ഡൗണിലായ 2020-ല്‍ 76 ശതമാനം മൂല്യ വര്‍ധനയാണ് ആമസോണ്‍ ഓഹരികള്‍ക്കുണ്ടായത്. ഓഹരി വിറ്റു കിട്ടുന്ന പണം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിനലില്‍ നിക്ഷേപിക്കുമെന്നാണു സൂചന. കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാടുന്ന ബെസോസ് എര്‍ത്ത് ഫണ്ടിനു വേണ്ടിയും പണം വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.