ഡ്യുനെഡിന്‍: ന്യൂസിലന്‍ഡിലെ ഡ്യുനെഡിന്‍ നഗരത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമിയുടെ കുത്തേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു പരുക്കേറ്റു. സൗത്ത് ഐലന്‍ഡിലെ കൗണ്ട്ഡൗണ്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണു സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള നാലു പേരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ രണ്ടു പേര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരാണ്. പരുക്കേറ്റവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആക്രമിയെ ന്യൂസിലന്‍ഡ് പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെ സൂപ്പര്‍ മാര്‍ക്കറ്റിലെ ഫാര്‍മസി വിഭാഗത്തിനു സമീപമാണ് ആക്രമണം ഉണ്ടായത്. രണ്ട് കത്തികളുമായാണ്് അക്രമി എത്തിയത്. ആ സമയം കടയിലുണ്ടായിരുന്ന ചിലര്‍ അക്രമിയെ നേരിട്ടതിനാലാണ് കൂടുതല്‍ ആളുകള്‍ക്ക് പരുക്കേല്‍ക്കാതിരുന്നതെന്ന് സതേണ്‍ ഡിസ്ട്രിക്ട് പോലീസ് കമാന്‍ഡര്‍ സൂപ്രണ്ട് പോള്‍ ബാഷാം പറഞ്ഞു. സംഭവത്തില്‍ നിസാര പരുക്കേറ്റ അക്രമിയെ ഡ്യുനെഡിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ ഇന്നു രാത്രിയോടെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ രേഖപ്പെടുത്തുമെന്ന് പോള്‍ ബാഷാം പറഞ്ഞു.
ഓസ്ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപനമായ വൂള്‍വര്‍ത്ത്‌സിന്റെ അനുബന്ധ സ്ഥാപനമാണ് ന്യൂസിലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കൗണ്ട്ഡൗണ്‍. സംഭവത്തെത്തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഇന്നും നാളെയും പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.