വാഷിങ്ടൺ: പന്ത്രണ്ട് വയസ് മുതൽ പതിനഞ്ചു വയസ് വരെയുള്ള കൗമാരക്കാർക്ക് ഫൈസർ വാക്സീന്‍ നല്‍കാന്‍ യുഎസിൽ അനുമതി. വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയത്. ഫൈസർ വാക്സീന്റെ കുട്ടികളിലെ പരീക്ഷണ ഫലം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
16 വയസിനു മുകളിലുള്ളവർക്ക് വാക്സീൻ നൽകാൻ നേരത്തെ തന്നെ യുഎസ് അനുമതി നൽകിയിരുന്നു. കൗമാരക്കാരിൽ നടന്ന ട്രയലിൽ വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വാക്സീന് അടിയന്തര ഉപയോഗത്തിന് അനുമതി തേടിയത്. ഇതോടെ അമേരിക്കയില്‍ 13 ദശലക്ഷം ആളുകള്‍ക്ക് കൂടി വാക്സീന്റെ പ്രയോജനം ലഭ്യമാകും.
അതേസമയം കൗമാരക്കാർക്ക് ഫൈസർ വാക്സീൻ നൽകാൻ കഴിഞ്ഞ ദിവസം കാനഡയും അനുമതി നൽകിയിരുന്നു. അതേസമയം ഫൈസർ-ബയോടെക് വാക്സീന്റെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് അംഗീകാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് ജനസംഖ്യയിലെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിനും പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ഓക്സ്ഫഡ്– അസ്ട്രാസെനക വാക്സീൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ജൂണിനു ശേഷം പുതുക്കുന്നില്ലെന്നു യൂറോപ്യൻ യൂണിയനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ അസ്ട്രാസെനക വാക്സീനെക്കാൾ വിലയേറിയ ഫൈസർ–ബയോൺടെക് വാക്സീന്റെ 180 കോടി ഡോസ് വാങ്ങാനുള്ള പുതിയ കരാറാണ് ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത്.