ജെറുസലേം: ഇസ്രയേല്‍ സേനയും പാലസ്തീന്‍ തീവ്രവാദികളും തമ്മിലുള്ള ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്. നിലവിലെ സാഹചര്യത്തെ ഹൃദയഭേദകവും, ആശങ്കാജനകവും എന്നു വിശേഷിപ്പിച്ച പാത്രിയാര്‍ക്കേറ്റ് നഗരത്തിന്റെ വിശുദ്ധിയും സമാധാനവും ലംഘിക്കപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നു പ്രസ്താവനയില്‍ അറിയിച്ചു.
വിശ്വാസികള്‍ക്കെതിരായ അക്രമങ്ങള്‍ ആരാധനാസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഷെയിഖ് ജാറായിലെ പാലസ്തീനികളുടെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അസ്വീകാര്യമാണ്. ഇസ്രായേല്‍ നടപടി എല്ലാ മതവിശ്വാസങ്ങളെയും സ്വാഗതം ചെയ്യുന്ന വിശുദ്ധ നാടിന്റെ ആത്മാവിനെ മുറിവേല്‍പ്പിച്ചിരിക്കുകയാണ്.
അബ്രഹാമിക് മതങ്ങളുടെ ഹൃദയഭൂമിയായ ജെറുസലേമിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നു ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. വിശുദ്ധ നാടിനു വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനയില്‍ പങ്കുചേരുന്നുവെന്നും പ്രശ്‌നപരിഹാരത്തിനായി രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലും പ്രാര്‍ഥനയും അനിവാര്യമാണെന്നും പറഞ്ഞാണ് പാത്രിയാര്‍ക്കേറ്റ് പ്രസ്താവന അവസാനിപ്പിക്കുന്നത്.