ഗാസ: തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങളിലൂടെ പ്രകോപനമുണ്ടാക്കുന്ന ഹമാസ് തീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കി ഇസ്രയേല്‍. സംഘര്‍ഷം രൂക്ഷമായതോടെ ഗാസ മേഖലയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി ഉയര്‍ന്നു. മരിച്ചവരില്‍ പത്തു കുട്ടികളുമുണ്ട്. പാലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ഇസ്രയേലില്‍ അഞ്ചു പേരാണു കൊല്ലപ്പെട്ടത്.
ഹമാസിന്റെ സായുധ വിഭാഗവും പലസ്തീന്‍ ഇസ്ലാമിക് ജിഹാദും (പി.ഐ.ജെ) ഉള്‍പ്പെടെ പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഇസ്രയേല്‍ പട്ടണങ്ങളിലേക്ക് ആയിരത്തിലധികം റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനെതുടര്‍ന്നാണ് വ്യോമാക്രമണത്തിലൂടെ ഇസ്രയേല്‍ മറുപടി നല്‍കിയത്. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദ് തീവ്രവാദികളുടെയും താവളങ്ങളില്‍ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് സേന തിരിച്ചടിച്ചു. ഗാസയില്‍ 12 നിലയുള്ള ബഹുനിലകെട്ടിടം മിസൈല്‍ ആക്രമണത്തില്‍ പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു.
ഇസ്രയേലിന്റെ അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൊവ്വാഴ്ച അഞ്ചു മിനിട്ടില്‍ 137 റോക്കറ്റുകളാണ് അഷ്‌കെലോണിലേക്കും അടുത്തുള്ള അഷ്ദോഡിലേക്കും ഹമാസ് വിക്ഷേപിച്ചത്. ഇസ്രയേലിലെ ജനവാസ മേഖലകളില്‍ പോലും മിസൈലുകള്‍ വീണു. ശത്രുക്കളുടെ മിസൈലുകളെ അതിര്‍ത്തി കടക്കും മുന്‍പ് തകര്‍ക്കാന്‍ ശേഷിയുള്ളതാണ് അയണ്‍ ഡോം പ്രതിരോധ സംവിധാനം.
2014-ലിന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘര്‍ഷമാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ നടക്കുന്നത്. ജറുസലേമിലെ പഴയ നഗരത്തിലുള്ള അല്‍-അഖ്‌സാ പള്ളിയില്‍ പാലസ്തീന്‍ പ്രക്ഷോഭകരും ഇസ്രായേല്‍ പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് വ്യാപക സംഘട്ടനങ്ങളിലേക്കു വഴിതെളിച്ചത്. റമദാന്‍ കാലത്ത് പ്രാര്‍ഥനക്കായി ഒത്തുകൂടാനുള്ള പാലസ്തീനികളുടെ ശ്രമം ഇസ്രയേല്‍ തടഞ്ഞിരുന്നു. ഇത് ഹമാസുള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ എറ്റെടുത്ത് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനു മറുപടിയായാണ് തീവ്രവാദികള്‍ ജറുസലേമിലേക്കു റോക്കറ്റ് ആക്രമണം നടത്തിയത്.
ഇസ്രായേല്‍ ആക്രമിച്ചാല്‍ അതിശക്തമായി തിരച്ചടിക്കുമെന്ന് ഗാസയിലെ ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പത്രക്കുറിപ്പില്‍ പറഞ്ഞു. അതിനിടെ പടിഞ്ഞാറന്‍ ഗാസ നഗരത്തിലെ ബഹുനില മന്ദിരം ഇസ്രയേല്‍ തകര്‍ത്തു. അവിടെ താമസിക്കുന്നവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിനുശേഷമായിരുന്നു ആക്രമണം. ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ വീടുകള്‍ക്കും നാശമുണ്ടായി.
പലസ്തീന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിലെ വാതക പൈപ്പ് ലൈന്‍ തീഗോളമായി മാറി. തലസ്ഥാനമായ ടെല്‍ അവീവിനോട് ചേര്‍ന്നുള്ള ലോഡ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇതിനിടെ ഹമാസ് തീവ്രവാദസംഘടനയുടെ റോക്കറ്റ് യൂണിറ്റിന്റെ തലവന്‍ സമി അല്‍ മാംലൂക്ക് കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.ഡി.എഫും ഇസ്രായേല്‍ സെക്യൂരിറ്റി ഏജന്‍സിയും (ഐ.എസ്.എ) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പലസ്തീന്‍ റോക്കറ്റ് യൂണിറ്റിലെ മുതിര്‍ന്ന അംഗങ്ങളുടെ ഒളിത്താവളം ലക്ഷ്യമിട്ട് റോക്കറ്റാക്രമണം നടത്തിയത്.
ഗാസ മുനമ്പില്‍ നിന്ന് 1,050 റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും പ്രയോഗിച്ചതായി ഇസ്രയേല്‍ സേന വ്യക്തമാക്കുന്നു. അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിന് 85 മുതല്‍ 90 ശതമാനം വരെ റോക്കറ്റുകള്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് തടയാനായിട്ടുണ്ടെന്ന് ഐഡിഎഫ് വക്താവ് ഹിഡായ് സില്‍ബര്‍മാന്‍ പറഞ്ഞു.
കിഴക്കന്‍ പലസ്തീന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് യുദ്ധടാങ്കുകള്‍ വിന്യസിച്ച് ഇസ്രായേല്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. അഖ്‌സ പള്ളിയില്‍ നിന്ന് ഇസ്രായേല്‍ പോലീസ് പൂര്‍ണമായും പിന്‍മാറാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് പലസ്തീന്‍ നിലപാട്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗം ആക്രമണത്തില്‍നിന്ന് പിന്‍മാറണമെന്ന് ഇരു രാജ്യങ്ങളോടു ആവശ്യപ്പെട്ടു.