ജെറുസലേം: ഇസ്രായേൽ, ഗാസ മുനമ്പിൽ കരമാർഗമുള്ള സൈനീക നടപടികൾ ആലോചിക്കുന്നു. ഇതിനായുള്ള പദ്ധതികൾ ഇന്ന് ഇസ്രേലി പ്രതിരോധ സേനയ്ക്ക് മുന്നിൽ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് സൈനീക വ്യക്താവ് അറിയിച്ചു. ഇസ്രായേൽ സേനയുടെ ഗാസ ഡിവിഷനും സതേൺ കമാൻഡും ചേർന്നുള്ള ഈ പദ്ധതികൾ ഇസ്രായേലിന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ പരിഗണനയ്ക്കായും നൽകും.
ഗാസയിലേക്കുള്ള സൈനീക നീക്കത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ ഐഡിഎഫ് അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട് - പാരാട്രൂപ്പേഴ്‌സ് ബ്രിഗേഡ്, ഗോലാനി ഇൻഫൻട്രി ബ്രിഗേഡ്, ഏഴാമത്തെ കവചിത ബ്രിഗേഡ് എന്നിവയിൽ നിന്നുള്ള സൈനീകരെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ ഈ സൈനീക നീക്കത്തിന് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
രണ്ടര ദിവസത്തിനിടെ ഗാസ മുനമ്പിലുള്ള ഹമാസ് സൈനീക കേന്ദ്രങ്ങളിലേക്ക് 600 ലധികം ബോംബുകൾ വർഷിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളും സ്‌കൂളുകളും ഹമാസ് സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതായി ഇസ്രായേൽ ആരോപിക്കുന്നു. കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ 1500ൽ അധികം റോക്കറ്റുകൾ ഹമാസ് ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് പ്രയോഗിച്ചിരുന്നു.
ഇസ്രായേലും പലസ്തീനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുഎൻ സുരക്ഷാ സമിതി യോഗം വെള്ളിയാഴ്ച ചേരണമെന്ന് ടുണീഷ്യ, നോർവേ, ചൈന എന്നിവർ ഐക്യരാഷ്ട്ര സഭയോട് അഭ്യർത്ഥിച്ചു.
എന്നാൽ തിങ്കളാഴ്ച മുതൽ സുരക്ഷാ സമിതി ഇതിനോടകം രണ്ട് വീഡിയോ കോൺഫറൻസുകൾ നടത്തിയിട്ടുണ്ട്, ഈ വിഷയത്തിൽ ഐക്യരാഷ്ട്രസഭ സംയുക്ത പ്രഖ്യാപനം നടത്തുന്നതിനെ അമേരിക്ക എതിർക്കുകയായിരുന്നു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശം ഉണ്ട് എന്നതാണ് അമേരിക്കൻ നിലപാട് .