ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്: പിന്തുണയുമായി അമേരിക്ക

ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്: പിന്തുണയുമായി അമേരിക്ക

വാഷിംഗ്ടണ്‍: ആയിരക്കണക്കിന് റോക്കറ്റുകള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍. ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ അമേരിക്ക സമാധാന ദൂതനായി നിയോഗിച്ചിട്ടുണ്ട്.

അതേസമയം ഇസ്രയേല്‍ - പാലസ്തീന്‍ സംഘര്‍ഷം അനുദിനം സങ്കീര്‍ണമാകുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 65 ആയി. ഇസ്രയേലില്‍ പാലസ്തീന്‍ നടത്തിയ ആക്രമണത്തില്‍ സ്വദേശിയായ അഞ്ച് വയസുകാരനും മലയാളി നേഴ്‌സ് സൗമ്യയുമടക്കം ഏഴ് പേര്‍ മരിച്ചു.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഈജിപ്റ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സമവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സ്ഥിതിഗതികള്‍ യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്നും യു.എന്‍ മിഡില്‍ ഈസ്റ്റ് സമാധാന ദൂതന്‍ ടോര്‍ വെന്നേസ്ലന്‍ഡ് ട്വീറ്റ് ചെയ്തു. സേനാ പിന്മാറ്റത്തിന് ഇരുരാജ്യങ്ങളുടെയും നേതാക്കന്മാര്‍ ഉത്തരവാദിത്വമേല്‍ക്കണം. യുദ്ധത്തിന്റെ പരിണിത ഫലം സാധാരണക്കാരാണ് അനുഭവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.