സിഡ്‌നി: ഓസ്ട്രേലിയയിലെ ടെലികോം രംഗത്തെ ഭീമനായ ടെല്‍സ്ട്രയ്ക്ക് വന്‍ തുക പിഴ ചുമത്തി ഫെഡറല്‍ കോടതി. കച്ചവട മര്യാദകള്‍ ലംഘിച്ച് ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് താങ്ങാനാകാത്ത ഫോണ്‍ പ്ലാനുകള്‍ അടിച്ചേല്‍പ്പിച്ചതിന്റെ പേരിലാണ് ടെല്‍സ്ട്ര 50 മില്യണ്‍ ഡോളറിന്റെ പിഴ ഒടുക്കണമെന്നു ഫെഡറല്‍ കോടതി ഉത്തരവിട്ടത്.
ഓസ്ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മിഷന്‍ (എ.സി.സി.സി) നടത്തിയ അന്വേഷണത്തില്‍ ഉപഭോക്തൃ നിയമം ലംഘിക്കപ്പെട്ടതായി ടെല്‍സ്ട്ര കുറ്റസമ്മതം നടത്തി. ഉപഭോക്തൃ നിയമപ്രകാരം രാജ്യത്ത് ചുമത്തിയ രണ്ടാമത്തെ വലിയ പിഴയാണത്. ഇതിനു മുന്‍പ് 2019 ല്‍ വോക്‌സ് വാഗനാണ് ഏറ്റവും വലിയ പിഴ ലഭിച്ചിട്ടുള്ളത്-125 മില്യണ്‍ ഡോളര്‍.
ഓസ്ട്രേലിയയിലെ ഗ്രാമീണ മേഖലകളിലെ 108 ഉപഭോക്താക്കള്‍ക്ക് ഫോണ്‍ പ്ലാനുകള്‍ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഉത്തരവ്. തെറ്റായ വില്‍പ്പന രീതികള്‍ ഒരിക്കലും അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ ഉത്തരവ് ടെലികോം കമ്പനികള്‍ക്കു നല്‍കുന്നതെന്ന്, കേസുകള്‍ എ.സി.സി.സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഫിനാന്‍ഷ്യല്‍ കൗണ്‍സിലിംഗ് ഓസ്ട്രേലിയ(എഫ്സിഎ)യുടെ പ്രതിനിധി പീറ്റര്‍ ഗാര്‍ട്ട്ലാന്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പെരുമാറ്റം കമ്പനിയുടെ ഭാഗത്തുനിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു.
സൗത്ത് ഓസ്ട്രേലിയയിലെ അര്‍ണ്‍ഡേല്‍, വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ബ്രൂം, നോര്‍ത്തേണ്‍ ടെറിട്ടറിയിലെ കാസുവാരിന, പാമര്‍സ്റ്റണ്‍, ആലീസ് സ്പ്രിംഗ്‌സ് എന്നിവിങ്ങിലെ ടെല്‍സ്ട്ര സ്റ്റോറുകളിലെ സെയില്‍സ് ജീവനക്കാരാണ് 2016 ജനുവരി മുതല്‍ 2018 ഓഗസ്റ്റ് വരെ ഉപഭോക്താക്കളെ ചൂഷണം ചെയ്തതായി കോടതി കണ്ടെത്തിയത്.
108 ഉപഭോക്താക്കളില്‍ പലര്‍ക്കും എഴുത്തും വായനയും നന്നായി അറിയില്ല. ഇംഗ്ലീഷ് ഭാഷ വശമില്ലാത്ത തൊഴില്‍രഹിതരാണ്. ടെല്‍സ്ട്രയുമായി ഏര്‍പ്പെട്ട കരാറിലെ വ്യവസ്ഥകള്‍ മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ പരിമിതികളാണ് ജീവനക്കാര്‍ മുതലെടുത്തത്.
ഒരു ഉപഭോക്താവിനെ ഒന്നിലധികം പ്ലാനുകളിലേക്കു ചേര്‍ത്തു. സൗജന്യങ്ങളുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു. കമ്പനിയുമായുള്ള കരാര്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് 108 ഉപഭോക്താക്കളെ കൊണ്ടുചെന്നെത്തിച്ചത്. ഉപഭോക്താക്കള്‍ക്ക് ശരാശരി 1600 ഡോളര്‍ മുതല്‍ 19,524 ഡോളര്‍ വരെ കുടിശികയുണ്ട്. അതേസമയം അഞ്ച് ടെല്‍സ്ട്രാ സ്റ്റോറുകള്‍ക്ക് ശരാശരി 24,492 ഡോളര്‍ ബോണസ് ലഭിച്ചതായി ഫെഡറല്‍ കോടതി കണ്ടെത്തി. കോടതി ഉത്തരവോടെ ടെല്‍സ്ട്ര കടങ്ങള്‍ എഴുതിത്തള്ളുകയും പണം തിരികെ നല്‍കുകയും ചെയ്തു.
ഫെഡറല്‍ കോടതിയുടെ പിഴ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായ അധ്യായമാണെന്ന് ടെല്‍സ്ട്ര ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി പെന്‍ പറഞ്ഞു. ബുദ്ധിമുട്ട് അനുഭവിച്ച എല്ലാ ഉപഭോക്താക്കളോടും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കളോടുള്ള സമീപനം മെച്ചപ്പെടുത്താന്‍ ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. തദ്ദേശീയ ഉപഭോക്താക്കള്‍ക്കായി കോള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.