കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; അരവിന്ദ് കെജ്രിവാള്‍

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; അരവിന്ദ് കെജ്രിവാള്‍

ന്യൂഡൽഹി: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. കോവിഡ് മൂലം മരണപ്പെട്ട രക്ഷിതാക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പണം സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു.

'വേ​ദനാജനകമായ ദിനങ്ങളാണ് കടന്നുപോയത്. പലകുടുംബങ്ങളിലും ഒന്നിലധികം മരണങ്ങളുണ്ടായി. നിരവധി കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടമായി. അവരുടെ വേദന എനിക്ക് മനസിലാകും. അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും. അയല്‍വീട്ടുകാര്‍ ഈ കുട്ടികള്‍ക്ക് വേണ്ട പരിചരണം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു' -കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്ന് 8500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഏപ്രില്‍ 10 ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരത്തില്‍ നിന്ന് താഴെ എത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.