വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധ സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ പുതിയ പ്രകോപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യാന്തര ഊര്‍ജ ഗതാഗതത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഹോര്‍മുസ് കടലിടുക്കിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് പുനര്‍നാമകരണം ചെയ്യണമോ എന്ന് സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ് ചോദിച്ചു.
ഇപ്പോള്‍ അത് അമേരിക്കയുടെ നിയന്ത്രണത്തിലാണ്, ഹോര്‍മുസ് കടലിടുക്കിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റണോ? എന്നായിരുന്നു ട്രംപിന്റെ ചോദ്യം. ദിവസങ്ങള്‍ക്ക് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് അമേരിക്കയുടെ പ്രദേശമാക്കി ചിത്രീകരിക്കുന്ന ഭൂപടവും മേഖലയില്‍ ബോംബിടുന്ന എ.ഐ വീഡിയോയും ട്രംപ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഹോര്‍മുസിന് സമീപം ഒട്ടേറെ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മറ്റ് രാജ്യങ്ങളിലെ പ്രദേശങ്ങളുടെയോ ജലാശയങ്ങളുടെയോ പേര് മാറ്റുന്നത് ഇതാദ്യമായല്ല ട്രംപ് പ്രഖ്യാപിക്കുന്നത്. കാനഡയുമായുള്ള വ്യാപാര യുദ്ധത്തിനിടെ കാനഡഅമേരിക്ക അതിര്‍ത്തിയിലെ ഒന്റാറിയോ തടാകത്തെ ലേക്ക് അമേരിക്ക എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. കൂടാതെ 2025 ജനുവരിയില്‍ മെക്‌സിക്കോ ഉള്‍ക്കടലിനെ ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് വിളിച്ചതും വന്‍ വിവാദമായിരുന്നു.
ലോകത്തിലെ ആകെ ക്രൂഡ് ഓയില്‍ ഗതാഗതത്തിന്റെ വലിയൊരു പങ്കും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക നിയന്ത്രണം അവകാശപ്പെടുന്നതും ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകളും ആഗോള എണ്ണ വിപണിയിലും നയതന്ത്ര തലത്തിലും വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.