'ഉപരോധം മറികടക്കാന്‍ ഇറാനെ സഹായിച്ചാല്‍ നടപടിയുണ്ടാകും': മോഡി-പെസെഷ്‌കിയാന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമേരിക്കയുടെ മുന്നറിയിപ്പ്

'ഉപരോധം മറികടക്കാന്‍ ഇറാനെ സഹായിച്ചാല്‍ നടപടിയുണ്ടാകും': മോഡി-പെസെഷ്‌കിയാന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാനെ ഏതെങ്കിലും രാജ്യം സഹായിച്ചാല്‍ അവര്‍ക്കെതിരെയും കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ.

ബിഷ്ടെക്കില്‍ നടന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുന്നറിയിപ്പുമായി റൂബിയോ രംഗത്തെത്തിയത്.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയും ഇറാനും തമ്മില്‍ വ്യാപാര കരാറിലേക്ക് നീങ്ങുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ കരാര്‍ സാധ്യതകളെ റൂബിയോ തള്ളിക്കളഞ്ഞു. ലോക രാജ്യങ്ങള്‍ക്ക് സ്വന്തമായ വിദേശനയങ്ങള്‍ ഉണ്ടാകാം. ഇതുപ്രകാരം വിദേശ രാഷ്ട്രങ്ങളുമായി ചര്‍ച്ച നടത്തുന്നത് സാധാരണമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ അമേരിക്ക ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കാന്‍ ആരും സഹായിക്കരുതെന്ന ട്രംപിന്റെ നിലപാട് റൂബിയോ ആവര്‍ത്തിക്കുകയും ചെയ്തു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ആണവായുധ നിര്‍മാണത്തിനുമായി ഇറാന്‍ വരുമാനം ഉണ്ടാക്കുന്നതിനെ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ യു.എസ് ഉപരോധം നേരിടേണ്ടി വരും.

ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഇറാനെ ഒരു തരത്തിലും ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ സാമ്പത്തിക ഉപരോധങ്ങളിലൂടെയാണ് അമേരിക്ക പ്രധാനമായും സമ്മര്‍ദ്ദത്തിലാക്കുന്നത്. എന്നാല്‍ ആവശ്യമെങ്കില്‍ സൈനിക നടപടി സ്വീകരിക്കാനുള്ള അവകാശം അമേരിക്കയ്ക്കുണ്ടെന്നും റൂബിയോ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനിടെയാണ് റൂബിയോയുടെ പ്രതികരണം. ഇറാനിലെ ചില മേഖലകളില്‍ കഴിഞ്ഞ ദിവസം രാത്രി അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു.

ആവശ്യമുണ്ടെങ്കില്‍ ഇനിയും ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. യു എസിന്റെയും ഇസ്രയേലിന്റെയും സാമ്പത്തിക ഉപരോധങ്ങളെയും സൈനിക നീക്കങ്ങളെയും തകര്‍ക്കുന്ന പുതിയ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്ന് ഇറാന്റെ സുരക്ഷാ മേധാവി മൊഹ്‌സെന്‍ റെസായിയും പ്രതികരിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.