കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്ത കാല്‍ നൂറ്റാണ്ടിലെ വികസന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ഇതിനായി പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജേക്കബ്സ് സൊല്യൂഷന്‍സിനെയാണ് സിയാല്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 6.64 കോടി രൂപ ചെലവിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ഈ കരാര്‍ നല്‍കിയിരിക്കുന്നത്.
സിയാലിന്റെ അധീനതയിലുള്ള 1500 ഏക്കര്‍ ഭൂമി പരമാവധി പ്രയോജനപ്പെടുത്തി നടപ്പാക്കാന്‍ സാധിക്കുന്ന വികസന പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുകയാണ് ഏജന്‍സിയുടെ പ്രധാന ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഈ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി രണ്ടാം റണ്‍വേ, ടാക്സി വേ, വ്യോമഭാഗത്തെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍, യാത്രാ ടെര്‍മിനലുകളുടെയും കാര്‍ഗോ കോംപ്ലക്‌സിന്റെയും വിപുലീകരണം, വിമാനത്താവളത്തിലേക്കുള്ള മള്‍ട്ടി മോഡല്‍ കണക്ടിവിറ്റി സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തും. കൂടാതെ വിമാനത്താവളത്തിന്റെ ഭാവി വികസനത്തിനുള്ള ഭൂമി ആവശ്യകത നിര്‍ണയിക്കലും പദ്ധതികളുടെ പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങളും ഏജന്‍സി നടപ്പിലാക്കും.
പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സിയാലിലൂടെയുള്ള വാര്‍ഷിക യാത്രക്കാരുടെ എണ്ണം 1.14 കോടിയായും വിമാന സര്‍വീസുകള്‍ 73,134 ആയും ഉയര്‍ന്നിട്ടുണ്ട്. വരുന്ന 25 വര്‍ഷത്തിനിടയില്‍ യാത്രക്കാരുടെ സംഖ്യയിലും വിമാന സര്‍വീസുകളിലും ഉണ്ടായേക്കാവുന്ന വന്‍ വര്‍ധനവ് കൃത്യമായി വിലയിരുത്തിയാകും ഏജന്‍സി പുതിയ വികസന തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക.
ഇതിനോടകം പഠനം ആരംഭിച്ച ജേക്കബ്സ് സൊല്യൂഷന്‍സ് 10 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് സമഗ്രമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ കൈക്കൊള്ളുക.