ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം ശക്തമായി തുടരുന്നു. സമരം ആറ് മാസം തികയുന്ന മെയ് 26 ന് സംയുക്ത കിസാന്‍ മോര്‍ച്ച കരിദിനമാചരിക്കാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിലൂടെ കര്‍ഷക നേതാവ് ബല്‍ബീര്‍ സിംഗ് രാജേവാളാണിക്കാര്യം അറിയിച്ചത്.
രാജ്യമൊട്ടൊകെ എല്ലാവരും 26 ന് വീടുകളിലും വാഹനങ്ങളിലും കടകളിലും കരിങ്കൊടി ഉയര്‍ത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കുകയും വേണം. മെയ് 26 ന് ഞങ്ങള്‍ പ്രതിഷേധം തുടങ്ങിയിട്ട് ആറുമാസം പൂര്‍ത്തിയാകും. ഒപ്പം മോഡിസര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്യും. ആ സാഹചര്യത്തില്‍ ഈ കരിദിനത്തിന് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ 'ദില്ലി ചലോ' മാര്‍ച്ച് അതിര്‍ത്തിയിലെത്തുന്നത് നവംബര്‍ 26 നാണ്. തിക്രി, സിങ്കു, ഗാസിപൂര്‍ അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് മോഡി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.