മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അറബിക്കടലില്‍ മുങ്ങിയ ഒ.എന്‍.ജിസി. ബാര്‍ജിലെ 22 ജീവനക്കാരുടെ മൃതദേഹം കണ്ടെത്തി. 51 പേരെ ഇനിയും കണ്ടെത്താനുണ്ട്. മുംബൈയില്‍നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ഹീര എണ്ണകിണറിനടുത്ത് അപകടത്തില്‍പ്പെട്ട പി 305 എന്ന ബാര്‍ജില്‍ മലയാളികളുള്‍പ്പെടെ 261 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 188 പേരെ നാവികസേനയും തീരദേശ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ശേഷിച്ചവര്‍ക്കായുള്ള തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബാര്‍ജ് എണ്ണക്കിണറില്‍ ഇടിച്ചാണ് മുങ്ങിയത്. 7.6 മീറ്റര്‍ ഉയരത്തിലാണ് തിരമാലകള്‍ ഉയര്‍ന്നത്.
ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അറബിക്കടലില്‍ കിലോമീറ്ററുകളോളം ഒഴുകിനടന്ന് മഹാരാഷ്ട്രയിലെ പാല്‍ഗറിനടുത്ത് എത്തിയ മറ്റൊരു ബാര്‍ജായ ഗാള്‍ കണ്‍സ്ട്രക്ടറിലെ മലയാളികളടക്കമുള്ള 137 പേരെ കരക്കെത്തിച്ചു. 48 മണിക്കൂറോളമാണ് ബാര്‍ജ് കടലില്‍ കറങ്ങി നടന്നത്. 28 മലയാളികളാണ് ഇതില്‍ ഉണ്ടായിരുന്നത്.
ചുഴലിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട സാഗര്‍ ഭൂഷന്‍ ഓയില്‍ റിഗിലും തൊട്ടടുത്തുണ്ടായിരുന്ന എസ്.എസ് ത്രീ ബാര്‍ജിലുമുള്ള 297 പേര്‍ സുരക്ഷിതരാണെന്നാണ് വിവരം.