ജനാധിപത്യം സ്വേച്ഛാധിപത്യമാകുമ്പോള്‍....ഹിറ്റ്‌ലറും മുസോളിനിയും നല്‍കിയ പാഠങ്ങള്‍ ചരിത്രത്തിന്റെ കറുത്ത ഏടുകളിലുണ്ട്

ജനാധിപത്യം സ്വേച്ഛാധിപത്യമാകുമ്പോള്‍....ഹിറ്റ്‌ലറും മുസോളിനിയും നല്‍കിയ പാഠങ്ങള്‍ ചരിത്രത്തിന്റെ കറുത്ത ഏടുകളിലുണ്ട്

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കുണ്ടായ അപ്രതീക്ഷിത വിജയം ഏറ്റവും ഫലപ്രദമായി മാര്‍ക്കറ്റ് ചെയ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന വ്യക്തിക്ക് വേണ്ടി മാത്രമാണ്. സ്പിംക്ലര്‍ മുതല്‍ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ തുടങ്ങി നിരവധി അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നട്ടംതിരിയുമ്പോഴാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നത്.

തകര്‍ന്നടിയുമെന്ന് കരുതിയ ഇടത് മുന്നണി അട്ടിമറി വിജയം കരസ്ഥമാക്കി. പിന്നീട് കേരളം കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ഫോക്കസ് ചെയ്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങളായിരുന്നു. അങ്ങനെ ഇടത് മുന്നണിയില്‍, പ്രത്യേകിച്ച് സിപിഎമ്മില്‍ പിണറായി വിജയന്‍ തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചു. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനം മുതല്‍ ഇക്കാര്യങ്ങള്‍ ദൃശ്യമായി തുടങ്ങി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മുന്‍മന്ത്രിമാരില്‍ പലര്‍ക്കും സ്ഥാനാര്‍ഥിത്വം ലഭിക്കാതിരുന്നത് പാര്‍ട്ടി മാനദണ്ഡപ്രകാരമാണെന്നു പറയുമ്പോഴും അക്കാര്യത്തില്‍ പിണറായിയുടെ ചില താല്‍പര്യങ്ങളും സംരക്ഷിക്കപ്പെട്ടു. പിന്നീട് നടന്ന സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കണ്ടത് പിണറായി വിജയന്റെ ശക്തമായ ഇടപെടലുകളാണ്. തുടര്‍ന്ന് പി.ആര്‍ വര്‍ക്കിലുടെ സ്വയം ക്യാപ്റ്റനായി മാറിയ മുഖ്യമന്ത്രി തന്നെയായിരുന്നു ഇടത് മുന്നണിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകന്‍.

ജനാധിപത്യത്തില്‍ തികച്ചും ആശാസ്യമല്ലാത്ത ശൈലിയാണു തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കം മുതല്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരും പിന്തുടര്‍ന്നതെന്ന് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. 200 പേര്‍ വരെ പങ്കെടുത്ത പൊതുയോഗങ്ങളില്‍ മാത്രമാണ് കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ചത്.

എന്നാല്‍ ആയിരവും അയ്യായിരവും പേര്‍ പങ്കെടുത്ത യോഗങ്ങള്‍ ക്യാപ്റ്റന്‍ പിണറായി വിജയനു വേണ്ടി മാറ്റിവച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള പല ദേശീയ നേതാക്കളും ഇത്തരത്തില്‍ അപമാനിക്കപ്പെട്ടു. ഘടക കക്ഷി നേതാക്കളില്‍ പലര്‍ക്കും തടവിലാക്കപ്പെട്ട അനുഭവമാണുണ്ടായത്.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇടത് മുന്നണി നേടിയ ചരിത്ര വിജയം പിണറായി വിജയന്റെ വ്യക്തിപരമായ വിജയമായി പി.ആര്‍ ഏജന്‍സികള്‍ തട്ടിവിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ പിണറായി സ്തുതിപ്പുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. അങ്ങനെ ഇടത് വിജയമെന്നാല്‍ വിജയന്റെ വിജയമെന്ന നിലയില്‍ കാര്യങ്ങളെത്തി.

ഇതിനിടെ കേരളത്തിലെ എല്‍ഡിഎഫിന്റെ വിജയം വ്യക്തി കേന്ദ്രീകൃതമല്ലെന്നും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തിരുത്തുണ്ടായെങ്കിലും അതൊന്നും ഇവിടെയാരും മൈന്‍ഡ് ചെയ്തു പോലുമില്ല. അതാണിപ്പോള്‍ സിപിഎം ദേശീയ നേതൃത്വത്തിന്റെ സ്ഥിതി.

അങ്ങനെ ദേശീയ നേതാക്കളെക്കാള്‍ കരുത്തനായ പിണറായിക്ക് പിന്നീട് കാര്യങ്ങളെല്ലാം സുഗമമായി. അതിന്റെ ഗുണം ഏറ്റവുമധികം ലഭിച്ചത് മകളുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനും തട്ട് കിട്ടിയത് തന്റെ വകുപ്പിന്റെ പ്രവര്‍ത്തന മികവുകൊണ്ട് ഇടത്് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ക്കുമാണ്.

ബേപ്പൂരില്‍ നിന്നും ജയിച്ച് ആദ്യം നിയമസഭാംഗമായ മരുമകനായി പിണറായി കരുതി വച്ചത് രണ്ട് സുപ്രധാന വകുപ്പുകള്‍. പൊതുമരാമത്തും ടൂറിസവും. മന്ത്രിസഭയിലുണ്ടാകുമെന്ന് കേരളം മുഴുവന്‍ പ്രതീക്ഷിച്ച ഷൈലജ ടീച്ചറെ 'കടക്ക് പുറത്ത്' എന്നു പറഞ്ഞ് അവസാന നിമിഷം ഒഴിവാക്കുകയും ചെയ്തു.

കെ.ആര്‍ഗൗരിയമ്മയ്ക്കും സുശീലാ ഗോപാലനും നേരിട്ട അതേ അവഗണന ഷൈലജയും നേരിട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. ഭരണത്തുടര്‍ച്ചയ്ക്ക് നിറ സാന്നിധ്യമാകേണ്ടവരായിരുന്നു അവര്‍. സംസ്ഥാനം തുടരെ നേരിട്ട നിപ്പ, ഡെങ്കി, കോവിഡ് തുടങ്ങിയ മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് കേരളത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും ആദരവ് നേടിയ ഷൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയര്‍ന്നിട്ടും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല എന്നുറപ്പാണ്.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തന്നെക്കാള്‍ കെ.കെ.ഷൈലജ പേരെടുത്തത് പിണറായിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതു കൊണ്ടു തന്നെയാകണം ഇത്തവണ അവരെ മാറ്റി നിര്‍ത്തിയതെന്നും പരക്കേ വിമര്‍ശനമുയരുന്നുണ്ട്. ഷൈലജ ടീച്ചര്‍ തുടരണമെന്ന് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും നല്ലെരു വിഭാഗം നേതാക്കള്‍ക്കും ആഗ്രഹമുണ്ടെങ്കിലും 'പൂച്ചയ്ക്കാര് മണികെട്ടും' എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

ഉഗ്രപ്രതാപിയായി മാറിയ പിണറായി വിജയന്റെ മുഖത്ത് നോക്കി ഇക്കാര്യം പറയാന്‍ നെഞ്ചുറപ്പുള്ള നേതാക്കള്‍ (കേന്ദ്ര നേതാക്കള്‍ അടക്കം) സിപിഎമ്മില്‍ ഇപ്പോഴില്ല. 'തിരുവായ്ക്ക് എതിര്‍വാ ഇല്ല' എന്ന ഇത്തരം അവസ്ഥ ശുഭസൂചകമല്ലെന്നു മാത്രമല്ല അപകടകരവുമാണ്. പാര്‍ട്ടി ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അഡോള്‍ഫ് ഹിറ്റ്‌ലറും മുസോളിനിയുമടക്കമുള്ള സ്വേച്ഛാധിപതികള്‍ ചരിത്രത്തിനു നല്‍കിയ പാഠവും മറ്റൊന്നല്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.