തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം യുഡിഎഫിന് ചരിത്ര മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ഈ പോരാട്ടത്തില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.
ആകെയുള്ള 86 മുനിസിപ്പാലിറ്റികളില്‍ 54 എണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 28 ഇടത്തായി ചുരുങ്ങി. ആറ് കോര്‍പ്പറേഷനുകളില്‍ നാലിടത്ത് യുഡിഫും ഒന്ന് വീതം എന്‍ഡിഎയും എല്‍ഡിഎഫും വിജയിച്ചു. ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് എല്‍ഡിഎഫും ഏഴിടത്ത് യുഡിഎഫും വിജയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ട് എന്നായിരുന്നു വിജയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നിര്‍ണായകവും ഹൃദയ സ്പര്‍ശിയുമായ ജനവിധിയാണ് കേരളത്തിലുണ്ടായതെന്നും യുഡിഎഫിലുള്ള വര്‍ധിച്ചു വരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.