കൊച്ചി: മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ഇടത് മോഹത്തിനേറ്റ കനത്ത തിരിച്ചടിയായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. പരമ്പരാഗത ഇടത് കോട്ടകള്‍ പോലും തകര്‍ന്നടിഞ്ഞതിന്റെ ഞെട്ടലിലാണ് എല്‍ഡിഎഫ് ക്യാമ്പുകള്‍.
സിപിഎമ്മിലും ഇടത് മുന്നണിയിലും പടലപ്പിണക്കങ്ങള്‍ നിലനിന്ന 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും എല്‍ഡിഎഫിന് ഇത്രയും കനത്ത പരാജയം ഉണ്ടായിട്ടില്ല. ഇത്തവണ ഇടത് കോട്ടകളില്‍ യുഡിഎഫ് ഇരച്ചുകയറി എന്നത് മാത്രമല്ല മുന്നണിയെ ഭയപ്പെടുത്തുന്നത്. തങ്ങളുടെ ചില കുത്തക കൂടാരങ്ങളില്‍ ബിജെപി അധിനിവേശം നടത്തി എന്നതും ഇടത് നേതൃത്വത്തെ അമ്പരപ്പിച്ചു.
എഴുപത്താറ് സീറ്റുള്ള കോഴിക്കോട് കോര്‍പറേഷനിലടക്കം വടക്കന്‍ കേരളത്തില്‍ യുഡിഎഫ് നടത്തിയ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നു. കോഴിക്കോട് ഭരണം പിടിക്കാനായില്ലെങ്കിലും പല ഇടത് കോട്ടകളും ഇളകിയാടി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കണ്ണൂര്‍ ജില്ലയിലും എല്‍ഡിഎഫിന് കാലിടറി.
കാല്‍ നൂറ്റാണ്ടിന് മേല്‍ തുടര്‍ഭരണം നടത്തി വന്ന കൊല്ലം കോര്‍പറേഷന്‍ യുഡിഎഫ് പടയോട്ടത്തില്‍ ഇടത് മുന്നണിക്ക് നഷ്ടപ്പെട്ടു. എന്‍ഡിഎയും ഇവിടെ ശക്തമായ മുന്നേറ്റമുണ്ടാക്കി. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎയുടെ മികച്ച പ്രകടനമാണ് ഇടത് മുന്നണിയെ ഞെട്ടിച്ച മറ്റൊരു തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് ഇവിടെ സീറ്റ് ഇരട്ടിയാക്കുകയും ചെയ്തു.
കോട്ടയം, പത്തനംതിട്ട, എറണാകുളം അടക്കമുള്ള മധ്യ കേരളത്തില്‍ യുഡിഎഫ് സര്‍വ്വാധിപത്യം നേടി എന്നുതന്നെ പറയാം. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്വാധീന ഭൂമികയിലും കോണ്‍ഗ്രസിന്റെ തേരോട്ടം കണ്ടു.
പാലാ മുനിസിപ്പാലിറ്റിയടക്കം തിരിച്ചു പിടിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലാ പഞ്ചായത്തുകളും യുഡിഎഫ് സ്വന്തമാക്കി. ഈ ജില്ലകളിലെ മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ് തരംഗം വ്യക്തമാണ്.
കേരള കോണ്‍ഗ്രസ് എമ്മിന് താരതമ്യേന സ്വാനീനം കൂടുതലുള്ള മധ്യ കേരളത്തില്‍ പാലായിലടക്കം പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മുന്നണി മാറ്റത്തിന് അനുകൂല നിലപാടുള്ള നേതാക്കളുടെ സമ്മര്‍ദ്ദം നേതൃത്വത്തിനു മേല്‍ ഉണ്ടാകും.
ഒരുപക്ഷേ കേരള കോണ്‍ഗ്രസിന്റെ ഒരു ചുവടു മാറ്റത്തിന് പോലും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വഴി വച്ചേക്കാം. ജോസ് കെ. മാണിയെ യുഡിഎഫ് പാളയത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്.
ആറില്‍ നാല് കോര്‍പറേഷന്‍, പതിനാലില്‍ ഏഴ് ജില്ലാ പഞ്ചായത്തുകള്‍, എണ്‍പത്താറില്‍ അമ്പത്തിനാല് മുനിസിപ്പാലിറ്റികള്‍, 152 ല്‍ 79 ബ്ലോക്ക് പഞ്ചായത്തുകള്‍, 941 ല്‍ 504 ഗ്രാമ പഞ്ചായത്തുകള്‍ എന്നിങ്ങനെയാണ് യുഡിഎഫിന്റെ അക്കൗണ്ടിലുള്ളത്.
2020 ലെ തദ്ദേശ തിരഞ്ഞെടെുപ്പില്‍ കോര്‍പറേഷന്‍ - 1, ജില്ലാ പഞ്ചായത്ത് - 3, മുനിസിപ്പാലിറ്റി - 41, ബ്ലോക്ക് പഞ്ചായത്ത് - 38, ഗ്രാമ പഞ്ചായത്ത് 321 എന്നിങ്ങനെയായിരുന്നു യുഡിഎഫിന്റെ സീറ്റ് നില. 2020 ല്‍ 514 ഗ്രാമ പഞ്ചായത്തുകളില്‍ വിജയിച്ച എല്‍ഡിഎഫിന് ഇത്തവണ വിജയിക്കാനായത് 341 പഞ്ചായത്തുകളില്‍ മാത്രമാണ് എന്നതും ശ്രദ്ധേയം.