ജെറുസലേം : വടക്കൻ ഇസ്രായേളിലെ ഹൈഫ പ്രദേശത്തെ നഗരങ്ങളിൽ ശക്തിയായ റോക്കറ്റാക്രമണം ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളികൾ ഉൾപ്പടെയുള്ള ആളുകൾ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണിപ്പോൾ. പതിവിനു വിപരീതമായി ലെബനോനിൽ നിന്നുമാണ് ഇത്തവണ റോക്കറ്റുകൾ വിക്ഷേപിച്ചിരിക്കുന്നത്.
ഇസ്രായേലിനു നേരെ വന്ന നാല് റോക്കറ്റുകളിൽ രണ്ടെണ്ണം അയൺ ഡോം തടഞ്ഞു. ബാക്കി രണ്ടെണ്ണം രണ്ട് തുറസ്സായ സ്ഥലങ്ങളിൽ വീണതിനാൽ ആളപായമില്ല. പ്രതിരോധത്തിന്റെ ഭാഗമായി ലെബനൻ പ്രദേശത്തെ റോക്കറ്റ് വിക്ഷേപണ സ്ഥലങ്ങളെ ഇസ്രായേലി സൈന്യം പീരങ്കി ഉപയോഗിച്ച് ആക്രമിച്ചു.
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായി ഗാസയിൽ നിന്നാണ് ഏറിയ പങ്ക് റോക്കറ്റുകളും വിക്ഷേപിക്കപ്പെട്ടത് . എന്നാൽ ലെബനോനിൽ നിന്നും സിറിയയിൽ നിന്നും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട് . ഇത്തരം ആക്രമണങ്ങൾ വിവിധ പലസ്തീൻ ജിഹാദി ഗ്രൂപ്പുകളാണ് നടത്തുന്നത്.