ടെല്‍അവീവ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാനശ്രമങ്ങള്‍ തുടരണമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നിലവിലെ സാഹചര്യങ്ങള്‍ ടെലിഫോണിലൂടെ ബൈഡന്‍ ചര്‍ച്ച ചെയ്തു. ഗാസയിലെ വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ ഗണ്യമായ പുരോഗതി പ്രതീക്ഷിക്കുന്നതായി ബൈഡന്‍ പറഞ്ഞു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മേഖലയില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ കടുത്ത നിലപാടില്‍നിന്ന് ഇസ്രയേല്‍ പിന്‍മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇസ്രായേലും ഹമാസും തമ്മില്‍ ആക്രമണം ആരംഭിച്ചശേഷം ഇത് നാലാം തവണയാണ് ഇരു നേതാക്കളും തമ്മില്‍ സംസാരിക്കുന്നത്.
ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് ആദ്യം പിന്തുണച്ച യു.എസ്. പ്രസിഡന്റിന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്നും രാജ്യാന്തര തലത്തിലും വിമര്‍ശനം നേരിട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ മേഖലയില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ രാജ്യാന്തര ഇടപെടല്‍ വേണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അമേരിക്കയും യുദ്ധമേഖലയിലെ പ്രാദേശിക ഭരണകൂടവും മാധ്യസ്ഥ ചര്‍ച്ചകളിലൂടെ അടിയന്തരമായി സമാധാന നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നാണ് ആവശ്യം.
അതേസമയം പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിനെതിരേ വിട്ടുവീഴച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഗാസാ മുനമ്പില്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന ഹമാസിനെ പ്രതിരോധിക്കാന്‍ മാത്രമല്ല വേണ്ടിവന്നാല്‍ അവിടേക്ക് കടന്നുകയറി ശക്തമായ മറുപടി നല്‍കാനും മടിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. എഴുപത് രാജ്യങ്ങളില്‍ നിന്നുളള നയതന്ത്ര പ്രതിനിധികളുമായി ടെല്‍ അവീവിലെ കിരിയാ സൈനിക താവളത്തില്‍വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് തീവ്രവാദികള്‍ നടത്തുന്ന റോക്കറ്റ് ആക്രമണവും ഇസ്രയേലിന്റെ ചെറുത്തുനില്‍പ്പും നിലവിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു.
ഹമാസ് ഭീകരരെ വെറുതെവിടില്ലെന്ന ശക്തമായ നിലപാടിലാണ് ഇസ്രയേല്‍. രണ്ടുവഴിയേ മുന്നിലുളള എന്നാണ് നെതന്യാഹു നയതന്ത്ര പ്രതിനിധികളെ അറിയിച്ചത്. ഒന്നുകില്‍ ആ മേഖല പിടിച്ചെടുത്ത് പ്രശ്‌നം എന്നന്നേക്കുമായി അവസാനിപ്പിക്കുക, അല്ലെങ്കില്‍ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു നിര്‍ത്തുക. പ്രതിരോധത്തിനാണ് നിലവില്‍ ഊന്നല്‍ നല്‍കുന്നതെന്നും എന്നാല്‍ കടുത്ത നിലപാടിലേക്ക് പോകാന്‍ മടിക്കില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
നിലവിലെ സംഘര്‍ഷ സാഹചര്യം എപ്പോള്‍ വിട്ടൊഴിയുമെന്ന നയതന്ത്ര പ്രതിനിധികളുടെ ചോദ്യത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. കൃത്യമായ സമയപരിധി നിശ്ചയിക്കാനാവില്ലെന്നു നെതന്യാഹു പറഞ്ഞു. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ഇന്ത്യ, ജര്‍മനി, ജചൈന എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രതിനിധികള്‍ ഉണ്ടായിരുന്നു.
പലസ്തീനിലെ സാധാരണ ജനതയെ ഇസ്രായേല്‍ ശത്രുവായി കാണുന്നില്ലെന്നും ഹമാസ് ഭീകരവാദികളെയും ജനങ്ങളെയും വ്യത്യസ്തമായാണ് കാണുന്നതെന്നും വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി സമ്മേളനത്തില്‍ പറഞ്ഞു. ആക്രമണങ്ങള്‍ക്കിടയിലും ഇസ്രയേല്‍ ഗാസയിലേക്ക് സഹായം അനുവദിച്ചെങ്കിലും അതിര്‍ത്തിയില്‍ ഹമാസ് വെടിയുതിര്‍ത്തതോടെ സഹായം കൈമാറാനെത്തിയ സൈനികന് പരുക്കേല്‍ക്കുകയും സഹായവിതരണം തടസപ്പെടുകയും ചെയ്തു.
പലസ്തീനാണ് പ്രകോപനമുണ്ടാക്കുന്നതെന്നും ഇരുമേഖലകളിലെയും സാധാരണ ജനങ്ങളെ ബാധിക്കാത്തവിധം പ്രതിരോധിക്കാനാണ് ശ്രമിക്കുന്നതെന്നും നെതന്യാഹു വിശദീകരിച്ചു. സമാധാനം വേഗത്തില്‍ പുനഃസ്ഥാപിക്കണമെന്നാണ് ഇസ്രായേല്‍ പ്രതീക്ഷിക്കുന്നതെന്നും ആക്രമണങ്ങളില്‍നിന്നു ജനത്തെ ഒഴിവാക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളേറെയുളള പാലസ്തീനിലേക്കു നടത്തിയ വ്യോമാക്രണം അവസാന നിമിഷം ഉപേക്ഷിച്ചതിന്റെ വിഡീയോ ദൃശ്യങ്ങളും പ്രധാനമന്ത്രി നയതന്ത്ര പ്രതിനിധികളെ കാണിച്ചു.
എന്നാല്‍ തങ്ങളുടെ സാധാരണക്കാരെ ലക്ഷ്യംവെച്ചാണ് ഹമാസ് ആക്രമണമെന്ന് നെതന്യാഹു പറഞ്ഞു. പാലസ്തീനിലുളള കുട്ടികളടക്കമുളള സാധാരണക്കാരെ പരിചയാക്കിയാണ് പലപ്പോഴും ഹമാസ് ഭീകരുടെ ആക്രമണം. ജനവാസ കേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുന്ന ഹമാസ് ഭീകരര്‍ സാധാരണക്കാരെ മറയാക്കുന്നതാണ് തങ്ങളുടെ തിരിച്ചടിക്ക് പ്രധാന തടസമെന്നാണ് ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത്.
ഹമാസിനും ഇസ്ലാമിക് ജിഹാദിനുമെതിരായ ഗാസ മുനമ്പിലെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളുടെ രേഖാചിത്രങ്ങളും മിസൈലുകള്‍, റോക്കറ്റുകള്‍, തീവ്രവാദ കെട്ടിടങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍ എന്നിവയും നെതന്യാഹു അവതരിപ്പിച്ചു. ഗാസ മുനമ്പിലെ നിവാസികളെ അപകടത്തിലാക്കുന്ന ഇസ്രായേലിലെ പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തതും തീവ്രവാദ സംഘടനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും വീഡിയോകള്‍ കാണിച്ചു. ലോകമെമ്പാടുമുള്ള ഇസ്രായേലി അംബാസഡര്‍മാരും യോഗത്തില്‍ പങ്കെടുത്തു.